ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാമത് സീസണില്‍ കളിച്ച 2 മത്സരവും പരാജയപ്പെട്ട് ദയനീയമായ അവസ്ഥയിലാണ് മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 277 റണ്‍സ് വഴങ്ങിയെങ്കിലും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ മുംബൈയ്ക്കായിരുന്നു. അപ്പോഴും നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെടുത്ത തീരുമാനങ്ങള്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഹാര്‍ദ്ദിക് മുംബൈ നായകനായ ശേഷം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മുംബൈ തോല്‍ക്കുമ്പോള്‍ കൂടുതല്‍ ശക്തമായി വരികയാണ്. ഈ സാഹചര്യത്തില്‍ സീസണിലെ തങ്ങളുടെ ആദ്യ ഹോം ഗ്രൗണ്ട് മാച്ചിനായുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ്.
ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ പ്രതിഷേധമുള്ളതിനാല്‍ തന്നെ ടോസിനായി ഗ്രൗണ്ടില്‍ എത്തുന്നത് മുതല്‍ സ്വന്തം കാണികളില്‍ നിന്നും എതിര്‍ ടീമിന്റെ കാണികളില്‍ നിന്നും കൂക്കുവിളികാളാണ് ഹാര്‍ദ്ദിക്കിന് ലഭിക്കുന്നത്. ഈ ഐപിഎല്‍ സീസണില്‍ മികച്ച രീതിയില്‍ കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ ഹോം ഗ്രൗണ്ട് മത്സരം. മുംബൈയില്‍ നടക്കുന്ന മത്സരമാണെങ്കിലും ആരാധകര്‍ മുംബൈ ടീം മാനേജ്‌മെന്റിനും ഹാര്‍ദ്ദിക്കുനും എതിരാണ് എന്നത് മുംബൈയ്ക്ക് തിരിച്ചടിയാണ്. മുംബൈ വിമാനത്താവളത്തിലെത്തിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ രോഹിത് ജയ് വിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. ടീം ഉടമകളായ അംബാനി കുടുംബവും ആരാധകരുടെ പ്രതിഷേധത്തിന്റെ ചൂടറിയുന്നുണ്ട്.