M S Dhoni: എല്ലാം എന്റെ പിഴ, ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ വിജയസാധ്യതയുണ്ടായിരുന്നു: കുറ്റം ഏറ്റുപറഞ്ഞ് ധോനി

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (14:17 IST)
M S Dhoni
ആര്‍സിബിക്കെതിരായ മത്സരത്തില്‍ 2 റണ്‍സിന്റെ  തോല്‍വി വഴങ്ങിയതിന് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോനി. ബാറ്റിങ്ങില്‍ തന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണമെന്ന് ധോനി തുറന്നുപറഞ്ഞു. മത്സരശേഷം സംസാരിക്കവെയാണ് തോല്‍വിയില്‍ തനിക്ക് പങ്കുണ്ടെന്ന ധോനിയുടെ തുറന്ന് പറച്ചില്‍.
 
 താന്‍ ബാറ്റിങ്ങിന് എത്തുന്ന സമയത്ത് ബാക്കിയുണ്ടായിരുന്ന പന്തുകളും വിജയത്തിലേക്കുള്ള റണ്‍സും പരശോധിച്ചാല്‍ കുറച്ച് കൂടി മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സമ്മര്‍ദ്ദം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ധോനി സമ്മതിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയുടെ ഇന്നിങ്ങ്‌സ് 213 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി 48 പന്തില്‍ 94 റണ്‍സുമായി യുവതാരം ആയുഷ് മാത്രെ തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
 
അവസാന 4 ഓവറില്‍ 43 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ ആയുഷ് മാത്രയുടെ പുറത്താകലാണ് മത്സരത്തെ മാറ്റിമറിച്ചത്. ജയിക്കാന്‍ അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ അവസാന ഓവറിലെ മൂന്നാം പന്തിലാണ് ധോനി പുറത്തായത്. 3 പന്തില്‍ 6 റണ്‍സെന്ന നിലയില്‍ വിജയലക്ഷ്യം ചുരുങ്ങിയെങ്കിലും ചെന്നൈ ബാറ്റര്‍മാര്‍ പടിക്കല്‍ കലമുടച്ചത്. മത്സരശേഷം ഇതിനെ പറ്റി ധോനിയുടെ വാക്കുകള്‍ ഇങ്ങനെ. 
 
 ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുന്ന സമയത്ത് ബാക്കിയുണ്ടായിരുന്ന പന്തുകളും വേണ്ടിയിരുന്ന റണ്‍സും നോക്കുമ്പോള്‍ കുറച്ചുകൂടി നല്ല ഷോട്ടുകള്‍ കളിക്കേണ്ടിയിരുന്നുവെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ ഇത്രയും സമ്മര്‍ദ്ദം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് ഈ തോല്‍വിയുടെ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. മത്സരശേഷം ധോനി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍