Romario Shepherd: ബാറ്റിംഗിനായി കാത്തിരിക്കുകയായിരുന്നു, അവസരം ലഭിച്ചപ്പോൾ കൃത്യമായി ചെയ്യാനായി

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (09:41 IST)
Romario Shepherd, RCB
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സൂപ്പര്‍ പോരട്ടത്തില്‍ കളി ആര്‍സിബിക്ക് അനുകൂലമാക്കിയതില്‍ ഏറ്റവും പ്രധാനമായി മാറിയത് ഫിനിഷിംഗ് റോളില്‍ ഇറങ്ങിയ റൊമരിയോ ഷെപ്പേര്‍ഡിന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു. ആര്‍സിബി സ്‌കോര്‍ 180 കടക്കുമോ എന്ന് സംശയിച്ച ഇടത്ത് നിന്നാണ് റൊമരിയോ ഷെപ്പേര്‍ഡ് ടീം സ്‌കോര്‍ 210 റണ്‍സ് കടത്തിയത്. 14 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്.
 
ഐപിഎല്ലിന്റെ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണ് മത്സരത്തില്‍ താരം കുറിച്ചത്. 6 സിക്‌സുകളും 4 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഖലീല്‍ അഹമ്മദ് എറിഞ്ഞ ഒരോവറില്‍ നിന്ന് മാത്രം 33 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിലെ താരവും ഷെപ്പേര്‍ഡ് തന്നെയായിരുന്നു. മത്സരശേഷം തന്റെ പ്രകടനത്തെ പറ്റി ഷെപ്പേര്‍ഡ് പറഞ്ഞത് ഇങ്ങനെ.
 
 ഏറെ നാളായി ബാറ്റിംഗിനായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവസരം ലഭിച്ചു. ടീമിന് നല്ലൊരു ഫിനിഷിങ് നല്‍കണമെന്നായിരുന്നു ആഗ്രഹം.സ്‌കോറിനെ പറ്റി ചിന്തിച്ചിട്ടില്ല. ഓരോ പന്തിലും ബൗണ്ടറി കടത്താനാകുമോ എന്നാണ് ചിന്തിച്ചത്. ക്രീസിലെത്തിയപ്പോള്‍ ശാന്തമായി കളിച്ചാല്‍ മതിയെന്നാണ് ടിം ഡേവിഡ് പറഞ്ഞത്. അത് കൃത്യമായി ചെയ്തു. ടൂര്‍ണമെന്റിലെ ആദ്യഘട്ടത്തില്‍ ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീം പ്രയാസപ്പെട്ടിരുന്നുവെന്നും ദിനേഷ് കാര്‍ത്തിക് നല്‍കിയ പ്രത്യേക പരിശീലനം ഗുണം ചെയ്‌തെന്നും ഷെപ്പേര്‍ഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍