Mayank Yadav: വേഗതയ്ക്കൊപ്പം കൃത്യതയും, ഇന്ത്യൻ ഡെയ്ൽ സ്റ്റെയ്ൻ അണിയറയിൽ ഒരുങ്ങുന്നു, ഇത് മിന്നൽ യാദവ്

അഭിറാം മനോഹർ

ഞായര്‍, 31 മാര്‍ച്ച് 2024 (09:07 IST)
Mayank Yadav, LSG
ഐപിഎല്‍ 2024 സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ലഖ്‌നൗ യുവപേസറായ മായങ്ക് യാദവിന്റെ സ്‌പെല്ലുകളാണ് പഞ്ചാബിന്റെ നിയന്ത്രണത്തിലുണ്ടായ മത്സരം നഷ്ടപ്പെടുവാന്‍ കാരണമായത്. ഓപ്പണര്‍മാരായ നായകന്‍ ശിഖര്‍ ധവാനും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് വിക്കറ്റ് നഷ്ടമാകാതെ 100 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തതിന് ശേഷമായിരുന്നു പഞ്ചാബിന്റെ അപ്രതീക്ഷിതമായ തോല്‍വി.
 
ക്വിന്റണ്‍ ഡികോക്ക്(38 പന്തില്‍ 54), നിക്കോളാസ് പുരാന്‍(21 പന്തില്‍ 42),ക്രുനാല്‍ പാണ്ഡ്യ(22 പന്തില്‍ 43) എന്നിവരുടെ പ്രകടനങ്ങളാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യ വിക്കറ്റില്‍ 102 റണ്‍സ് നേടികൊണ്ടായിരുന്നു ഇതിന് പഞ്ചാബ് മറുപടി നല്‍കിയത്. എന്നാല്‍ 21കാരനായ യുവതാരം മായങ്ക് യാദവ് പന്തെറിയാനെത്തിയതൊടെ മത്സരത്തിന്റെ സീന്‍ തന്നെ മാറി. ബെയര്‍സ്‌റ്റോയെ പുറത്താക്കികൊണ്ട് വരവറിയിച്ച യുവതാരം പിന്നാലെ പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ എന്നിവരെയും പവലിയനിലേക്ക് തിരിച്ചയച്ചു. തുടര്‍ച്ചയായി 150 കിമീ വേഗത്തില്‍ പന്തെറിഞ്ഞ മായങ്ക് വേഗതയ്‌ക്കൊപ്പം മികച്ച ലൈനും ലെങ്തും പുലര്‍ത്തിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി. 17മത് ഓവറില്‍ സാം കറനെയും ധവാനെയും മുഹ്‌സിന്‍ ഖാന്‍ പുറത്താക്കിയതോടെ പഞ്ചാബ് ഏറെക്കുറെ തോല്‍വി സമ്മതിക്കുകയായിരുന്നു.
 
4 ഓവര്‍ നീണ്ടു നിന്ന സ്‌പെല്ലിലൊരു തവണ 156 കിമീ വേഗതയില്‍ വരെ പന്തെറിയാന്‍ യുവതാരം മായങ്കിനായി. 7 പന്തുകളാണ് 150+ കിമീ വേഗതയില്‍ താരം എറിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഈ വേഗതയില്‍ പന്തെറിയുന്നത് ഉമ്രാന്‍ മാലിക് മാത്രമാണ്. എന്നാല്‍ ലൈനിലും ലെങ്തിലും ഉമ്രാന് പലപ്പോഴും കൃത്യത പുലര്‍ത്താനാകുന്നില്ല എന്നതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് ഐപിഎല്ലിലെ ആദ്യ മത്സരം കൊണ്ട് തന്നെ പ്രതീക്ഷകള്‍ തന്നിരിക്കുകയാണ് മായങ്ക്. വന്യമായ പേസിനൊപ്പം കൃത്യത കൂടി നിലനിര്‍ത്താനായാല്‍ ഇന്ത്യന്‍ ബൗളിംഗിന് അഭിമാനിക്കാന്‍ കഴിയുന്ന താരമായി മാറാന്‍ മായങ്കിനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍