ടി20 ലോകകപ്പ് മത്സരങ്ങള്‍ ജൂണില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ചര്‍ച്ചയായ വിഷയം സൂപ്പര്‍ താരമായ വിരാട് കോലി ഇന്ത്യയുടെ ടി20 ടീമില്‍ ഭാഗമാകുമോ എന്നതാണ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോര്‍ഡുകളുള്ള താരമാണെങ്കിലും ടി20 ക്രിക്കറ്റിലെ മാറിയ ശൈലി കോലിയ്ക്ക് അനുകൂലമല്ലെന്നും ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകളെ കോലിയുടെ സാന്നിധ്യം കുറയ്ക്കുമെന്നും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് കോലിയുടെ തലയിലാണെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്ന പ്രകടനങ്ങളായി അവ മാറുന്നില്ലെന്നാണ് താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
ഐപിഎല്ലില്‍ ഇതുവരെ കളിച്ച 3 കളികളില്‍ നിന്നും 90.50 ശരാശരിയില്‍ 181 റണ്‍സ് കോലി നേടികഴിഞ്ഞു. 141 എന്ന മോശമല്ലാത്ത സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. എന്നാല്‍ തുടക്കം മുതല്‍ ടി20 മോഡിലേക്ക് മാറാന്‍ കോലിയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.വമ്പന്‍ സ്‌കോറുകള്‍ നേടുമ്പോഴും ടീമിനെ വിജയത്തിലെത്തിക്കാനാകുന്നില്ലെന്നും ആരാധകര്‍ ചൂണ്ടികാണിക്കുന്നു. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 59 പന്തില്‍ 83 റണ്‍സാണ് കോലി നേടിയത്. 5560 പന്തുകള്‍ക്കുള്ളില്‍ സെഞ്ചുറിയിലെത്തുന്നതാണ് ടി20യിലെ മികച്ച താരങ്ങളുടെ രീതി. ആകെ 120 പന്തുകളുള്ള മത്സരത്തില്‍ പകുതി പന്തുകള്‍ നില്‍ക്കുന്ന താരം സെഞ്ചുറി നേടിയില്ലെങ്കില്‍ അത് ടീമിനെ പ്രതിസന്ധിയിലാക്കും.
പുതുതായി എത്തുന്ന ബാറ്റര്‍മാര്‍ക്ക് സെറ്റ് ചെയ്യാനായി ആവശ്യമായ പന്തുകള്‍ ലഭിക്കാത്ത സാഹചര്യമാണ് ഇത് മൂലം ഉണ്ടാകുന്നത്. ഇന്നിങ്ങ്‌സിലെ പകുതിയിലേറെ പന്തുകള്‍ നില്‍ക്കുന്ന ബാറ്റര്‍ 100 റണ്‍സെങ്കിലും നേടിയില്ലെങ്കില്‍ ടീം സ്‌കോര്‍ 200ല്‍ എത്തിക്കാന്‍ മറ്റ് ബാറ്റര്‍മാര്‍ വിയര്‍ക്കേണ്ടതായി വരും. വ്യക്തിപരമായ നിലയില്‍ സ്‌കോറുകള്‍ നേടാന്‍ സാധിക്കുമെങ്കിലും ടീമിന്റെ ജയസാധ്യതയാണ് ഇത് കുറയ്ക്കുന്നത്. വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളിലൂടെയും ഡബിള്‍സുകളിലൂടെയുമാണ് കോലി സ്‌കോര്‍ ഉയര്‍ത്താറുള്ളത്.ഈ ശൈലി ഏകദിനത്തിലും ടെസ്റ്റിലും ഫലപ്രദാമാണെങ്കിലും ടി20യില്‍ കാലഹരണപ്പെട്ടതാണ്. അതിനാല്‍ തന്നെ ടി20 ലോകകപ്പില്‍ മൂന്നാമതായി കോലി കളിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സാധ്യതകളെ അത് ബാധിക്കുക തന്നെ ചെയ്യും.