കോവിഡ് അതിതീവ്ര വ്യാപനം സംസ്ഥാനത്ത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍, ഒന്നാം കോവിഡ് വ്യാപനം പോലെ ലളിതമല്ല ഇത്തവണ കാര്യങ്ങള്‍. കൂടുതല്‍ ജാഗ്രത ആവശ്യമുള്ള സമയമാണ്.
ഹോം ക്വാറന്റൈന്‍ എന്നു പറഞ്ഞാല്‍ അത് റൂം ക്വാറന്റൈന്‍ ആയിരിക്കണം. കാരണം, അതിവേഗം പടരാന്‍ സാധ്യതയുള്ള വൈറസ് ആണിത്. ജനിതകമാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാന്‍ വീടിനുള്ളിലും രണ്ട് മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആഹാര സാധനങ്ങള്‍, ഫോണ്‍, ടി.വി.റിമോര്‍ട്ട്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒരു സാധനവും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ രോഗം പടരാന്‍ സാധ്യത വളരെ കൂടുതലാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങരുത്. അഥവാ മുറിക്ക് പുറത്തിറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങളെല്ലാം അണുവിമുക്തമാക്കണം.
റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശുചിമുറിയും വായു സഞ്ചാരവുമുള്ള മുറിയിലാണ് കഴിയേണ്ടത്. മുറിക്ക് പുറത്തിറങ്ങാതിരിക്കുകയാണ് അത്യുത്തമം. നിരീക്ഷണത്തില്‍ കഴിയാന്‍ എ.സി. മുറികള്‍ ഒഴിവാക്കുക. മുറിക്കുള്ളില്‍ ശുചിമുറിയില്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയാണ് നല്ലത്. വീട്ടിലുള്ളവര്‍ ഇടയ്ക്കിടെ കൈ കഴുകുക. വീട്ടിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കരുത്. മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് പോകരുത്.
ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തന്നെ കഴുകുക. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളെല്ലാം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമേ മറ്റൊരാള്‍ ഉപയോഗിക്കാവൂ.