ഏറെ പ്രതീക്ഷയോട് കൂടി റിലീസ് ആയ എമ്പുരാൻ ആദ്യദിനം മുതൽ വിവാദമാവുകയായിരുന്നു. സിനിമയിലെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങൾ ആണ് വിവാദത്തിന് കാരണമായത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം സെൻസർ ബോർഡിലേക്ക് അണിയറ പ്രവർത്തകർക്ക് റീ എഡിറ്റിന് അയക്കേണ്ടതായി വന്നിരുന്നു. വിവാദങ്ങൾ സിനിമയുടെ കളക്ഷനെ ബാധിച്ചില്ലെന്ന് വേണം കരുതാൻ. 250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
എമ്പുരാന്റെ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകരിപ്പോൾ. വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയേറ്ററുകളിൽ എത്തിയ പതിപ്പ് തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് എമ്പുരാൻ ഒ.ടി.ടി റിലീസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്. ഏപ്രിൽ 24 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. എമ്പുരാന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം 42 കോടിക്ക് നെറ്റ്ഫ്ലിക്ക് സ്വന്തമാക്കിയതായി ആരാധകർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ ആമസോൺ പ്രൈം വിഡിയോയിൽ ആയിരുന്നു റിലീസ് ചെയ്തത്.