ഷൈൻ ടോം ചാക്കോക്കെതിരായ നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സൂത്രവാക്യം എന്ന ചിത്രത്തിലെ സഹനടൻ സുഭാഷ് പോണോളി. ലഹരി ഉപയോഗിച്ചതിന് സമാനമായ പെരുമാറ്റമാണ് ഷൈനിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിൻസി ആ ദിവസങ്ങളിൽ വളരെ മൂകയായിരുന്നുവെന്നും സുഭാഷ് പറഞ്ഞു. വിൻസിയോട് ഷൂട്ടിംഗ് സെറ്റിൽ ഷൈൻ മോശമായി പെരുമാറിയെന്ന് ടെക്നീഷ്യന്മാർ പറഞ്ഞെന്നും സുഭാഷ് പോണോളി ഒരു മാധ്യമത്തോട് പറഞ്ഞു.
വിൻസി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിൽ പിന്നീട് സിനിമ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അന്ന് വിൻസിയുടെ മുഖത്ത് സങ്കടം ഉണ്ടായിരുന്നു. വളരെ എനർജറ്റിക്കായി പെരുമാറുന്ന വിൻസി വളരെ മൂഖമായാണ് പെരുമാറിയത്. ഷൂട്ടിംഗ് കഴിഞ്ഞ് സഹായിയോടൊപ്പം കാരവാനിലേക്ക് പോകുന്നതല്ലാതെ മറ്റാരുമായി സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിംഗ് കഴിഞ്ഞാൽ കാരവാനിലേക്ക് ഓടിക്കയറുക, കെട്ടിടത്തിന്റെ മുകളിലേക്ക് ചാടിക്കയറുക, കെട്ടിടത്തിൽ നിന്ന് ചാടുക തുടങ്ങി അസാധാരണ പെരുമാറ്റം ഷൈനിന്റെ ഭാഗത്തുനിന്നുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.