Vincy Aloshious: പരാതി നല്‍കുമ്പോള്‍ പേര് പുറത്തുവിടരുതെന്ന് പറഞ്ഞിരുന്നു; അതൃപ്തി പരസ്യമാക്കി വിന്‍സി

രേണുക വേണു

വ്യാഴം, 17 ഏപ്രില്‍ 2025 (15:53 IST)
Vincy Aloshious

Vincy Aloshious: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കുമ്പോള്‍ പേര് പുറത്തുവിടരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി നടി വിന്‍സി അലോഷ്യസ്. സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടന്‍ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്‌നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിന്‍സി പറഞ്ഞു. 
 
' എനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുള്ള പരാതി സംഘടനകള്‍ക്കാണ് ഞാന്‍ കൊടുത്തത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ സിനിമയുടെ പേരോ വ്യക്തിയുടെ പേരോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഞാന്‍ അന്വേഷിക്കും, അതിനു ശേഷം ഇതില്‍ ഉള്‍പ്പെട്ടത് ആരാണോ അവര്‍ക്ക് കൊടുത്ത പരാതി പിന്‍വലിക്കുന്നതിനെപ്പറ്റി തീരുമാനിക്കും. ഞാന്‍ സിനിമയുടെ പേരിലും എന്റെ പേരിലും നല്‍കിയ പരാതി എവിടെയൊക്കെയാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം,' വിന്‍സി പ്രതികരിച്ചു. 
 
താന്‍ അഭിനയിച്ച സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിലും (ഐസിസി) ഫിലിം ചേംബറിലും താരസംഘടനയായ 'അമ്മ'യിലുമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും വിന്‍സി വ്യക്തമാക്കി. പേര് പുറത്തുവിട്ടത് ആരെന്ന് വ്യക്തമായി അറിയില്ല. അത് ആരാണെങ്കിലും വലിയ വിശ്വാസമില്ലായ്മയാണ് കാണിച്ചിരിക്കുന്നത്. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ് താന്‍ ഇപ്പോഴെന്നും വിന്‍സി പറഞ്ഞു. 
 
ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവന്നതിനു പിന്നാലെ വിന്‍സി താരത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് തനിക്കു മാത്രമല്ല വേറെ പല നടിമാര്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. തനിക്കൊപ്പം ഉണ്ടായിരുന്ന പുതുമുഖമായ ഒരു പെണ്‍കുട്ടിക്ക് ഷൈന്‍ ടോം ചാക്കോ കാരണം ഭയങ്കര ബുദ്ധിമുട്ടായിരുന്നെന്നും വിന്‍സി പറഞ്ഞു. 
 
' ഉപയോഗിച്ചു കഴിഞ്ഞാല്‍ നിലത്തു പോലും നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള ഒരു തരത്തിലുള്ള പെരുമാറ്റവും രീതിയുമാണ്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല, ഓരോ സ്ത്രീകളോടും മോശമായ രീതിയിലുള്ള കമന്റ്സും സംസാരങ്ങളുമാണ് അദ്ദേഹം പറയുന്നത്. എന്നോടും അതുപോലെ എന്റെ കൂടെയുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്കുമാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുള്ളത്,' 
 
' ആ കുട്ടിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് മനസ്സിലടക്കി ആ കുട്ടി ഇരുന്നു. ആ കുട്ടി പുതുമുഖമാണ്. നമ്മള്‍ എന്തെങ്കിലും പരാതിപ്പെട്ടാല്‍ അത് സിനിമയെ ബാധിക്കില്ലേ എന്നതുകൊണ്ട് മാത്രം മിണ്ടാതിരുന്നു. പക്ഷേ ഇപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ അത് തുറന്നുപറയാന്‍ ധൈര്യമുണ്ടെന്ന് തന്നെയാണ് ആ കുട്ടി പറയുന്നത്,' വിന്‍സി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍