ലഹരി പരിശോധനക്കിടെ പോലീസിന്റെ പിടിയിലാകാതിരിക്കാൻ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചെയ്തത് സിനിമയെ വെല്ലുന്ന സാഹസികത. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് താരം എടുത്ത് ചാടി. ഷീറ്റ് പൊട്ടിയതോടെ താഴെ സ്വിമ്മിംഗ് പൂളിലേക്ക് ഷൈൻ വീഴുകയായിരുന്നു. ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു.
ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ വീണ ഷൈൻ, പടിക്കെട്ടുകളിലൂടെ ഓടി റിസപ്ഷന്റെ ഭാഗത്തേക്ക് എത്തി. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത്രയും സാഹസപ്പെട്ട് ഷൈൻ രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. ഷൈൻ ടോം ഇതെങ്ങനെ അറിഞ്ഞു എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തും. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും മൊഴി എടുക്കും.