എറണാകുളം: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഏത് നടനാണെന്ന് വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയത്. ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മൊശം പെരുമാറ്റമെന്ന് വിൻസി പരാതിയിൽ പറഞ്ഞു. ആരോപണവിധേയനായ നടനെതിരെ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് താരസംഘടന അമ്മ വ്യക്തമാക്കിയിരുന്നു. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നടിയുടെ ആരോപണം ചർച്ച ചെയ്തത്. ഇതോടെയാണ് വിൻസി പേര് വെളിപ്പെടുത്തി പരാതി നൽകിയത്.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരു നടൻ സിനിമാ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.