ലഹരിക്കേസിൽ മിക്കപ്പോഴും ഉയർന്ന് വരുന്ന പേരാണ് നടൻ ഷെെൻ ടോം ചാക്കോയുടേത്. ആലപ്പുഴ ഹെെബ്രിഡ‍് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഷെെൻ ടോം ചാക്കോയുടെ പേര് വന്നിരുന്നു. പിടിക്കപ്പെട്ട പ്രതി ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് നല്കിയിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ആരോപണങ്ങൾ ശ്രീനാഥ് ഭാസി നിഷേധിച്ചിരുന്നു. ഇപ്പോൾ ഷെെനും ഈ ആരോപണം നിഷേധിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പോലും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളാണ് പഴിക്കുന്നതെന്നും ഷെെൻ ടോം ചാക്കോ വാദിക്കുന്നു. കൊക്കെെയിൻ കേസിൽ കോടതി വെറുതെ വിട്ടു. എന്നാൽ മാധ്യമങ്ങൾ വെറുതെ വിടുന്നില്ലെന്നും ഷെെൻ പറയുന്നു. സാധാരണക്കാരുടെ മക്കളുടെ പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായി എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വരുന്നത്. എന്നാൽ ലഹരി മാഫിയക്ക് പിന്നാലെ ആരും പോകുന്നില്ലെന്നും ഷെെൻ ടോം ചാക്കോ പറയുന്നു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം.
ഷെെനിനും ശ്രീനാഥ് ഭാസിക്കും കഞ്ചാവ് കൊടുത്തു എന്ന് മാധ്യമങ്ങൾ പറയുന്നു. അതോടെ കഴിഞ്ഞു. ഈ രണ്ടരക്കോടിയുടെ കഞ്ചാവ് ഇവർക്കെവിടെ നിന്ന് കിട്ടി, എന്ന് എവിടെയെങ്കിലും വാർത്ത വന്നിട്ടുണ്ടോ. വ്യൂസ് കിട്ടാൻ വേണ്ടിയായിരിക്കും തന്റെയുൾപ്പെടെ പേര് പറഞ്ഞതെന്നും ഷെെൻ ടോം ചാക്കോ വാദിക്കുന്നു. സമൂഹത്തെ നന്നാക്കാൻ വേണ്ടിയല്ല മാധ്യമങ്ങൾ വാർത്ത നൽകുന്നത്. വ്യൂവർഷിപ്പിന് വേണ്ടിയാണ്. അത് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അറിയാമെന്നും ഷെെൻ ടോം ചാക്കോ വാദിക്കുന്നു. അഭിമുഖത്തിനിടെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നു ഷെെൻ.