ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 7 ഏപ്രില്‍ 2025 (21:03 IST)
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു. കേസ് അന്വേഷിക്കുന്ന എക്‌സൈസ് സംഘം നിലവില്‍ താരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യ അപേക്ഷ പിന്‍വലിച്ചത്. ഈ മാസം 22ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയതായിരുന്നു ഹര്‍ജി. എന്നാല്‍ ഇപ്പോള്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചിരിക്കുകയാണ്.
 
അതേസമയം ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുല്‍ത്താനയുമായി ബന്ധമൊന്നുമില്ലെന്നും എന്നാല്‍ തസ്ലിമ തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും നടന്‍ ശ്രീനാഥ് ഭാസി. തനിക്ക് ഇവരുമായി യാതൊരു ബന്ധവുമില്ലെന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞു.
 
ക്രിസ്റ്റീന എന്ന പേരില്‍ ആരാധികയാണെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ സംഭാഷണത്തിനിടയില്‍ കഞ്ചാവ് വേണോയെന്ന് ചോദിച്ചു. കളിയാക്കുന്നതാണെന്ന് കരുതി കോള്‍ കട്ട് ചെയ്യുകയായിരുന്നു. പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നല്‍കിയിട്ടില്ല. താന്‍ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍