ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ നായക നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, വിന്സിക്ക് പിന്തുണയുമായി നടി ശ്രുതി രജനികാന്ത്. വിന്‍സി അലോഷ്യസ് നേരിട്ടതിന് സമാനമായ അനുഭവം താനും നേരിട്ടിണ്ടെന്ന് തുറന്നു പറയുകയാണ് ശ്രുതി.
സിനിമയില്‍ വലിയ സ്ഥാനത്തിരിക്കുന്ന ഒരു താരം തന്നോട് ബഹുമാനം ഇല്ലാതെ പെരുമാറിയെന്നും ഇതോടെ താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് ശ്രുതിയുടെ പ്രതികരണം. തുറന്നു പറച്ചിലിന് പിന്നാലെ വിന്‍സി വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടിരുന്നത്. ഈ പശ്ചാത്തലത്തിലാണ് സമാനമായ ദുരനുഭവം താനും നേരിട്ടിട്ടുണ്ടെന്ന് ശ്രുതി പറയുന്നത്.
'വിന്‍സിയുടെ വിഡിയോയുടെ താഴെയുള്ള കുറെ കമന്റുകള്‍ കണ്ടു, ഇങ്ങനെ പലരും മുന്നോട്ടു വന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്ന്. മുന്നോട്ടു വന്നതുകൊണ്ട് കാര്യമില്ല നിങ്ങളും ഓരോരുത്തരും മുന്നോട്ടു വരണം. എന്തുകൊണ്ട് ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ല, എന്തുകൊണ്ട് ഇന്ന ആര്‍ട്ടിസ്റ്റിനെ ഇപ്പോള്‍ കാണുന്നില്ല എന്നുള്ളത് ചെകഞ്ഞു പോകാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഈ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ മുന്നോട്ട് വരും.
നമ്മള്‍ പറയില്ലേ മിന്നുന്നതെല്ലാം പൊന്നല്ല എന്ന്, അതുപോലെ തന്നെയാണ് എനിക്ക് പറയാനുള്ളത് നമ്മള്‍ ഈ കാണുന്നതൊന്നുമല്ല യാഥാര്‍ഥ്യം. അത് എല്ലാവരും മനസ്സിലാക്കുക. സാധാരണക്കാരന്‍ ആണെങ്കിലും ഇപ്പോ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവരാണെങ്കിലും പലര്‍ക്കും പല രീതിയിലുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവും. ഞാന്‍ നേരിട്ട ഒരനുഭവം ഉണ്ട്. ഒരു സാഹചര്യത്തില്‍ എന്നോടു വളരെ മോശമായി പെരുമാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അവിടെനിന്ന് ഇറങ്ങിപ്പോയി. സിനിമയില്‍ വലിയ ഒരു പൊസിഷനില്‍ നില്‍ക്കുന്ന ഒരാള്‍ അപ്പോ എന്നോട് ചോദിച്ചത് ''നീ ആരാ മമ്മൂട്ടിയോ? എന്റെ മുമ്പില്‍ നിന്ന് ഇങ്ങനെ ഇറങ്ങി പോകാന്‍, വാക്ക്ഔട്ട് നടത്താന്‍'' എന്ന്.
ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ട കാര്യമുണ്ട്, മമ്മൂട്ടി ആണേലും മോഹന്‍ലാല്‍ ആണേലും, ഞാന്‍ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഒരാള്‍ക്ക് ബഹുമാനം കിട്ടണമെങ്കില്‍ അത്രയും വലിയ സൂപ്പര്‍സ്റ്റാര്‍ ആകണമെന്നില്ല. നമ്മളോട് മോശമായി പെരുമാറുന്ന ഇടത്തുനിന്ന് ഇറങ്ങിപോകാനും തിരിച്ചുപറയുമുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. വ്യക്തിപരമായി, നമ്മള്‍ ആരാണ് എന്നുള്ളിടത്ത് നമ്മള്‍ നില്‍ക്കണം. അതായത് ഒരു വ്യക്തി എന്നുള്ള നിലയില്‍ ഞാന്‍ എങ്ങനെ പരിഗണിക്കപ്പെടണം എന്നതിനെ കുറിച്ച് എനിക്കൊരു കാഴ്ചപ്പാടുണ്ട്, അത് തെറ്റിക്കുമ്പോള്‍ ഞാന്‍ പ്രതികരിക്കും.
ഇപ്പൊ വിന്‍സി പറഞ്ഞ കാര്യത്തില്‍ എനിക്ക് അദ്ഭുതം ഒന്നുമില്ല. മദ്യപിച്ച, അല്ലെങ്കില്‍ ലഹരി ഉപയോഗിച്ചിട്ട് മോശമായി പെരുമാറുമ്പോള്‍ മറ്റുള്ളവരുടെ അവസ്ഥ ഓര്‍ത്ത് നമുക്ക് ഒന്നും പറയാതെ അവിടെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്, അത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അത് കാരണം ഷൂട്ട് മുടങ്ങുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിന്‍സി പറഞ്ഞ കാര്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. ആരുടേയും വ്യക്തിപരമായ ജീവിതത്തില്‍ നമ്മള്‍ ഇടപെടില്ല. പക്ഷേ ജോലി ചെയ്യുന്നിടത്ത് ലഹരി ഉപയോഗിച്ച് വന്ന് ചുറ്റും വര്‍ക്ക് ചെയ്യുന്നവരെയും എല്ലാം ബുദ്ധിമുട്ടിലാക്കുന്നത് തെറ്റ് തന്നെയാണ്.
എന്തുകൊണ്ട് ഇത് വീണ്ടും സഹിക്കുന്നു, ഇത്രയധികം ആളുകള്‍ ഇവിടെ ഇല്ലാഞ്ഞിട്ടാണോ എത്രയോ പേര് അഭിനയിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ അത്രയും കഴിവുള്ള ആളുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ പറയുന്ന കാര്യങ്ങള്‍ ഉപയോഗിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്നുള്ളത് നിങ്ങള്‍ ഓരോരുത്തരുമാണ് ചിന്തിക്കേണ്ടത്.'' ശ്രുതി പറയുന്നു.