പ്രമുഖ വ്യവസായിയും മോഹന്‍ലാല്‍ സിനിമയായ എമ്പുരാന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡിയറക്ടറേറ്റ്. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിന് സമീപത്തെ കോര്‍പറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്. ആദ്യം വടകരയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന്‍ കോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
ചെന്നൈ കോടമ്പാക്കത്തെ ഗോകുലത്തിന്റെ ധനകാര്യ സ്ഥാപനത്തിലടക്കം റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോടും ഇ ഡി ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഫെമ നിയമലംഘനം ആരോപിച്ചാണ് തമിഴ്നാട്, കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലെ ഗോകുലം ഗോപാലന്റെ വീടും ഓഫീസുകളുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നത്.