തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ വിവാദത്തിൽ. ബി.ജെ.പിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ച് പരാമർശമുള്ളത് വൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. പിന്നാലെ, നിർമാതാവിൽ ഒരാളായ ഗോകുലം ഗോപാലന്റെ ആവശ്യപ്രകാരം സിനിമയിൽ ചില മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് വ്യക്തമല്ല.
സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു ചട്ടം. അതിനാൽ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്കരിച്ച പതിപ്പ് തിയറ്ററിൽ എത്താൻ വ്യാഴാഴ്ച എങ്കിലും ആകും. ഇതോടെ, സിനിമയ്ക്ക് വൻ ബുക്കിംഗ് ആണ് എങ്ങും. മിക്കയിടങ്ങളിലെയും എല്ലാ ഷോകളും ഫുൾ ആണ്. റീ എഡിറ്റിംഗിന് മുൻപ് ചിത്രം കാണാൻ വൻ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിൽ സീറ്റില്ലെന്നാണ് റിപ്പോർട്ട്.