ഗോകുലം ഗോപാലന്‍ നിര്‍ബന്ധിച്ചു; എമ്പുരാനില്‍ 'വെട്ടിനിരത്തല്‍', മോഹന്‍ലാലിനും അതൃപ്തി

രേണുക വേണു

ശനി, 29 മാര്‍ച്ച് 2025 (19:48 IST)
വിവാദ സിനിമ എമ്പുരാനില്‍ സുപ്രധാന ഭാഗങ്ങള്‍ വെട്ടിനീക്കും. ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റീ സെന്‍സറിങ്. വിമര്‍ശനത്തിനിടയാക്കിയ ഭാഗങ്ങളില്‍ മാറ്റം വരുത്താനാണ് സംവിധായകന്‍ പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്. 
 
ഗുജറാത്ത് കലാപം പ്രതിപാദിക്കുന്ന ഭാഗങ്ങളിലാണ് കത്രിക വീഴുക. റീ സെന്‍സറിങ് കഴിഞ്ഞ് പുതിയ പതിപ്പായിരിക്കും അടുത്താഴ്ച മുതല്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുക. 17 ഭാഗങ്ങള്‍ ഒഴിവാക്കും. പ്രധാന വില്ലന്റെ പേരില്‍ മാറ്റം വരുത്തും. ചില രംഗങ്ങളില്‍ സംഭാഷണം മ്യൂട്ട് ചെയ്യാനും തീരുമാനിച്ചു. സിനിമയുടെ ദൈര്‍ഘ്യം 10 മിനിറ്റോളം കുറയാനാണ് സാധ്യത. 
 
എമ്പുരാന്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായി നിര്‍മാതാവ് ഗോകുലം ഗോപാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എമ്പുരാന്‍ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല. സിനിമ കാരണം ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായും ഗോകുലം ഗോപാലന്‍ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
' എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. മാനസികമായി ആര്‍ക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുന്നുണ്ട്. പറ്റുമെങ്കില്‍ ചെയ്യണം എന്ന് ഞാന്‍ സംവിധായകനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാന്‍ പാടില്ല. അതിനുവേണ്ടിയുള്ള നടപടികള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്,' ഗോകുലം ഗോപാലന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍