എമ്പുരാന്‍ റീ സെന്‍സറിങ്ങിന്; വിവാദ ഭാഗങ്ങള്‍ നീക്കിയേക്കും

രേണുക വേണു

ശനി, 29 മാര്‍ച്ച് 2025 (15:09 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ റീ സെന്‍സറിങ്ങിന്. സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. തീവ്ര ഹിന്ദുത്വ സംഘടനകളും ബിജെപി അനുകൂലികളും എമ്പുരാന്‍ സിനിമയുടെ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 
വീണ്ടും സെന്‍സറിങ്ങിനു വിധേയമാക്കുമ്പോള്‍ സിനിമയിലെ വിവാദ ഭാഗങ്ങളില്‍ കത്രിക വയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിവാദ ഭാഗങ്ങള്‍ പരിശോധിച്ച ശേഷം സെന്‍സര്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും. 
 
അതേസമയം റീ സെന്‍സറിങ്ങിലേക്ക് നയിച്ചത് നിര്‍മാതാവായ ഗോകുലം ഗോപാലന്റെ ആവശ്യ പ്രകാരമാണെന്നും സൂചനയുണ്ട്. സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംവിധായകന്‍ പൃഥ്വിരാജിനോടു താന്‍ ആവശ്യപ്പെട്ടെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. 
 
എമ്പുരാന്‍ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല. സിനിമ കാരണം ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായും ഗോകുലം ഗോപാലന്‍ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
' എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്,' ഗോകുലം ഗോപാലന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍