Empuraan: എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍, സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് എം ടി രമേശും, വിമര്‍ശിച്ച് ഉപാധ്യക്ഷന്‍, ഹേറ്റ് ക്യാമ്പയിനുമായി അണികളും സംഘപരിവാറും, കാര്യങ്ങള്‍ സംഭവബഹുലം

അഭിറാം മനോഹർ

വെള്ളി, 28 മാര്‍ച്ച് 2025 (13:42 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന സിനിമയുടെ റിലീസോട് കൂടി സിനിമയുടെ ഉള്ളടക്കത്തിനെ പറ്റിയുള്ള ചര്‍ച്ചകളും കൊഴുക്കുന്നു. സിനിമയില്‍ ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദികളായി അന്നത്തെ ഗുജറാത്ത് സര്‍ക്കാരിനെ കാണിക്കുന്നത് ബിജെപിയെ ഒന്നടങ്കം ചൊടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ സിനിമ കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നായിരുന്നു ബിജെപി നേതാവായ എം ടി രമേശിന്റെ അഭിപ്രായം.
 
 അതേസമയം സിനിമയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ആര്‍എസ്എസ് നേതാക്കളും സംഘപരിവാര്‍ പ്രൊഫലുകളും. സിനിമയില്‍ കാണിക്കുന്നത് ശുദ്ധമായ അസംബന്ധങ്ങളാണെന്നും ഭീകരസംഘടനകളെ വെള്ളപൂശുകയാണ് സിനിമയില്‍ ചെയ്യുന്നതെന്നുമാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് പറയുന്നത്. സിനിമക്കെതിരെ ടിക്കറ്റ് ക്യാന്‍സലേഷന്‍ ക്യാമ്പയിനടക്കം ശക്തമാക്കിയിരിക്കുകയാണ് അണികള്‍.
 
 സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളുടെ അക്രമണം തുടങ്ങുന്നതിന് മുന്‍പായിയിരുന്നു ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ സിനിമയെ പിന്തുണച്ച് വന്നത്. മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന് ആശംസകള്‍,വരും ദിവസങ്ങളില്‍ എമ്പുരാന്‍ കാണുന്നുണ്ടെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്. അതേസമയം പൃഥ്വിരാജിന്റെ വാരിയം കുന്നന്‍ എമ്പുരാനാണ് സിനിമയെന്ന് ആര്‍എസ്എസ് നേതാവായ ജെ നന്ദകുമാര്‍ പ്രതികരിച്ചു. സിനിമയ്ക്ക് രാജ്യദ്രോഹശക്തികളുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് വേണം കരുതേണ്ടതെന്നും പിഎഫ്‌ഐ പോലുള്ള സംഘടനകളെയും ഐഎസ്‌ഐയെ പോലുള്ള ബാഹ്യശക്തികളെ വെള്ളപൂശാനുള്ള ചിലരുടെ ശ്രമമാണോ സിനിമയെന്ന് പരിശോധിക്കണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു.
 
 എന്നാല്‍ ഇതെല്ലാം തള്ളികൊണ്ടുള്ള പ്രതികരനമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ടി രമേശ് നടത്തിയത്. സിനിമയെ ആശ്രയിച്ചല്ല സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനമെന്നും സിനിമയെ സിനിമയായി മനസിലാക്കാനുള്ള സാമാന്യബുദ്ധി എല്ലാവര്‍ക്കുമുണ്ടെന്നും കാണേണ്ടവര്‍ക്ക് കാണാം അല്ലാത്തവര്‍ കാണേണ്ടതില്ലെന്നും എം ടി രമേശ് പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍