എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ സത്യം തന്നെയോ? അതോ എല്ലാം വെറും തള്ളോ?; വ്യക്തമായ മറുപടി നൽകി പൃഥ്വിരാജ്

നിഹാരിക കെ.എസ്

ബുധന്‍, 26 മാര്‍ച്ച് 2025 (11:57 IST)
അഡ്വാൻസ് ബുക്കിംഗിലൂടെ മലയാളത്തിൽ ഇതുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാൻ. പ്രീ സെയിൽസിൽ മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. 58 കോടിയാണ് റിലീസിന് മുന്നോടിയായി സിനിമ നേടിയത്.

എന്നാൽ സിനിമയുടെ ബുക്കിംഗ് കണക്കുകൾ വ്യാജമാണെന്ന തരത്തിലുള്ള ആരോപണങ്ങളും  സമൂഹ മാധ്യമങ്ങളിലൂടെ ചിലർ ഉന്നയിച്ചിരുന്നു. ഇപ്പോൾ ആ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കവെയാണ് പൃഥ്വി ഇതുസംബന്ധിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്തിയത്.
 
'ഈ അഡ്വാൻസ് ബുക്കിംഗ് ഡാറ്റ വ്യാജമല്ല. ഇതെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ചുമ്മാ ഒരു വ്യാജ കണക്ക് പ്രചരിപ്പിക്കുക എന്നത് മലയാളത്തിൽ സാധ്യമല്ല. കാരണം എല്ലാ തിയേറ്ററുകളുടെയും ഡിസിആർ (ഡെയിലി കളക്ഷൻ റിപ്പോർട്ട്) ഓൺലൈനിൽ ലഭ്യമാണ്. ആർക്കും അത് ചെക്ക് ചെയ്യാം. മാത്രമല്ല ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത് മറ്റുള്ളവരാണ്, ഈ സിനിമയുടെ അണിയറപ്രവർത്തകരല്ല. ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്ന തുക എന്നത് സാധാരണ ഗതിയിൽ ഒരു മലയാളം സിനിമയുടെ ലൈഫ് ടൈം ഗ്രോസാണ്. അതൊരു അനുഗ്രഹമായാണ് ഞങ്ങൾ കാണുന്നത്.' എന്ന് പൃഥ്വിരാജ് പറഞ്ഞു.
 
എമ്പുരാൻ ഇതിനകം 50 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. ഇത് മലയാള സിനിയമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു റെക്കോർഡാണ്. അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍