ചര്‍ച്ചകളും നീക്കങ്ങളും കൊഴുക്കുന്നു; റഷ്യയില്‍ പട നയിക്കാന്‍ മെസി നീല കുപ്പായമണിഞ്ഞേക്കും

Webdunia
വെള്ളി, 29 ജൂലൈ 2016 (14:52 IST)
ദേശിയ ടീമില്‍ നിന്ന് പുറത്തേക്ക് നടന്ന അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണൽ മെസിയെ നീല കുപ്പായത്തിലേക്ക് തിരികെകൊണ്ടുവരാൻ രാജ്യത്ത് നീക്കം ശക്തം. ഇടപെടലുകള്‍ വിജയകരമായാല്‍ മെസി ടീമിന്റെ ഭാഗമായേക്കുമെന്ന് എഎഫ്എ മേധാവി അർമാൻഡോ പെരസ് വ്യക്തമാക്കി.

മെസിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പെരസ് നേരിട്ടിറങ്ങി. അദ്ദേഹം സ്പെയിനിൽ എത്തി താരവുമായി ചര്‍ച്ച നടത്തി. മെസിയുമായി കൂടിക്കാഴ്ചയ്ക്കു അദ്ദേഹം സമ്മതിച്ചതായും പെരസ് വ്യക്തമാക്കി. ഇതോടെയാണ് മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമായത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസി ടീമിന്റെ ഭാഗമാക്കാനാണ് പെരസും സംഘവും ശ്രമിക്കുന്നത്. ചര്‍ച്ചകളും കുടിക്കാഴ്‌ചകളും വിജയിച്ചാല്‍ മെസി നീല കുപ്പായത്തിലേക്ക് തിരികെ വരുമെന്നും പെരസ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ കോപ്പാ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയമേറ്റു വാങ്ങിയതോടെയാണ് അർജന്റീനയുടെ നായകൻ ദേശീയ കുപ്പായം അഴിച്ചത്.
Next Article