ക്രിക്കറ്റിലെ ലൈന്‍ നിയമമല്ല ഫുട്‌ബോളില്‍, ജപ്പാന്‍ നേടിയത് ഗോള്‍ തന്നെ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (10:13 IST)
ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സ്‌പെയിന്‍-ജപ്പാന്‍ മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ തോല്‍പ്പിച്ചത്. ജപ്പാന്‍ നേടിയ രണ്ടാം ഗോള്‍ വിവാദത്തിനു കാരണമായി. പന്ത് ഔട്ട് ലൈന്‍ കടന്നതിനു ശേഷമാണ് ജപ്പാന്‍ താരം ഗോള്‍ നേടിയതെന്നാണ് ആരോപണം. ഒറ്റ നോട്ടത്തില്‍ പന്ത് ലൈന്‍ കടന്നതായി ഈ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുകയും ചെയ്യും. 
 
മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ആവോ ടനാക്കയിലൂടെ ജപ്പാന്‍ രണ്ടാം ഗോള്‍ നേടുന്നത്. സഹതാരം മിറ്റോമ നല്‍കിയ പാസില്‍ നിന്നാണ് ടനാക്കയുടെ ഗോള്‍ പിറക്കുന്നത്. മിറ്റോമ ഈ പന്ത് ഔട്ട് ലൈനിന് പുറത്തുനിന്നാണ് കളക്ട് ചെയ്തതെന്ന തരത്തിലാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. മാത്രമല്ല പന്ത് ഔട്ടായതിനു ശേഷമാണ് ഗോള്‍ നേടിയതെന്ന് വിലയിരുത്തിയ റഫറി ഗോള്‍ അനുവദിച്ചില്ല. പിന്നീട് ജപ്പാന്‍ വാറിന്റെ (VAR) സഹായം തേടുകയായിരുന്നു. 
 
അത് ഗോള്‍ ആണെന്നാണ് വാറിന്റെ സഹായത്തോടെ ഫിഫ തീരുമാനിച്ചത്. ഫുട്‌ബോള്‍ ആരാധകരെ ഇത് വലിയ രീതിയില്‍ കണ്‍ഫ്യൂഷനിലാക്കി. ഒറ്റ നോട്ടത്തില്‍ പന്ത് ഔട്ടാണെന്ന് തോന്നുമെന്നും പിന്നെ എന്തിനാണ് ഗോള്‍ അനുവദിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. 
 
ബോളിന്റെ ഒരു ഭാഗം ലൈനില്‍ ഉണ്ടെന്നാണ് വാറില്‍ തെളിഞ്ഞത്. അതുകൊണ്ടാണ് അത് ഔട്ടല്ലെന്ന് സ്ഥിരീകരിച്ചത്. ബോട്ടം വ്യൂവില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്തരം സാഹചര്യത്തില്‍ പരിശോധിക്കുക. അതായത് ക്രിക്കറ്റില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഫുട്‌ബോളിലെ ലൈന്‍ നിയമം. 

 


ഉദാഹരണത്തിനു ഔട്ട് ലൈനില്‍ നിന്നും കുത്തനെ ഒരു വര വരച്ചാല്‍ ആ വര പന്തിന്റെ ഏതെങ്കിലും ഭാഗത്ത് തൊടുന്നുണ്ടെങ്കില്‍ ബോള്‍ ഇന്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മുകളില്‍ നിന്നുള്ള കാഴ്ചയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കുക. താഴെ കൊടുത്തിരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് ജപ്പാന്‍ താരം മിറ്റോമ പന്ത് കളക്ട് ചെയ്യുമ്പോള്‍ പന്തിന്റെ ചെറിയൊരു ഭാഗം ലൈനില്‍ ഉള്‍ക്കൊള്ളുന്നതായി വ്യക്തമാണ്. 

 

പന്തിന്റെ താഴെയുള്ള ഭാഗം അതായത് ഭൂമിയുമായി മുട്ടുന്ന ഭാഗം വര മുറിച്ച് കടന്നാലും അത് ചിലപ്പോള്‍ ഇന്‍ ബോള്‍ ആയിരിക്കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബോള്‍ ഔട്ട് ആകണമെങ്കില്‍ താഴ്ഭാഗം മാത്രമല്ല പന്ത് മുഴുവനായും വര മുറിച്ച് കടന്നിട്ടുണ്ടാകണം. അങ്ങനെ പൂര്‍ണമായി വര മുറിച്ച് കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുന്നത് മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article