ഒരു മികച്ച കഥാപാത്രം ചെയ്‌തെന്ന് കരുതി വീട്ടിലിരിക്കാൻ കഴിയില്ല, അഭിനേതാവെന്ന നിലയില്‍ ഞാൻ സ്വാര്‍ത്ഥനാണ്‌‍; മനസ്സുതുറന്ന് മമ്മൂട്ടി

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (17:27 IST)
അഭിനേതാവെന്ന നിലയിൽ താൻ സ്വാർത്ഥനാണെന്നും അതുകൊണ്ടാണ് സിനിമ വിട്ടുപോകാത്തത് എന്നും മെഗാസ്‌റ്റാർ മമ്മൂട്ടി. തമിഴ് ചാനലായ ‘തന്തി ടിവി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നത്. എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കാനാണ് തനിക്ക് ഇഷ്‌ടം എന്നും അദ്ദേഹം പറഞ്ഞു.
 
'ഒരു മികച്ച കഥാപാത്രം ചെയ്തുവെന്ന് കരുതി അതിന് ശേഷം അതവിടെ നിര്‍ത്താന്‍ കഴിയില്ല. വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണ്, എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് എന്നില്‍ നിന്നും സിനിമ വിട്ടു പോകാത്തതും സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു പോകാത്തതും'- മമ്മൂട്ടി പറഞ്ഞു. 
 
അതേസമയം ഡാൻ‌സിനെക്കുറിച്ചും താരം മനസ്സുതുറന്നു. ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നിക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്. ഡാന്‍സ് ചെയ്യുമ്പോള്‍ റിയലിസ്റ്റിക്കാവില്ലെന്ന് താന്‍ പറയുന്നത് ശരിക്കും ഒരു ഒഴിവുകഴിവ് മാത്രമാണ്. സത്യത്തില്‍ തനിക്ക് കളിക്കാന്‍ അറിയില്ലെന്നതും നാണമാണെന്നതുമാണ് കാരണം. ചെയ്യാന്‍ ശ്രമിച്ചിരുന്നു പക്ഷേ തന്റെ നാണം ചിത്രങ്ങളില്‍ കാണാന്‍ കഴിയുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article