6 ദിവസം, പേരന്‍‌പ് കളക്ഷന്‍ 25 കോടി; മാസ് പടങ്ങളെ വെല്ലുന്ന മെഗാഹിറ്റ് !

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (16:11 IST)
സാധാരണഗതിയില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കിട്ടുന്ന സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാറില്ല. മമ്മൂട്ടിച്ചിത്രം പേരന്‍‌പ് ആ ധാരണ തിരുത്തുകയാണ്. പേരന്‍‌പ് തിയേറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ചിത്രത്തേക്കുറിച്ച് പരക്കെയുണ്ടായ പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് കളക്ഷന്‍ കുതിച്ചുയരാന്‍ കാരണം. ഒരു മാസ് പടത്തിന് അനുയോജ്യമായ ഓപ്പണിംഗാണ് കേരളത്തില്‍ ഉണ്ടായതെങ്കില്‍ തമിഴ്നാട്ടില്‍ പേരന്‍‌പ് പതിയെ കളം പിടിക്കുകയാണ്.
 
കേരളത്തില്‍ റിലീസ് ഡേറ്റ് മുതല്‍ ഇന്നുവരെ സ്റ്റഡി കളക്ഷനാണ്. പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്‍. അതേസമയം തമിഴ്നാട്ടില്‍ പതിഞ്ഞ താളത്തിലായിരുന്നു പേരന്‍‌പ് തുടങ്ങിയത്. രജനികാന്തിന്‍റെ പേട്ടയും അജിത്തിന്‍റെ വിശ്വാസവും തകര്‍ത്തോടുന്ന സമയത്ത് റിലീസ് ചെയ്തത് ആദ്യ രണ്ട് ദിനങ്ങളില്‍ പേരന്‍‌പിന്‍റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചിരുന്നു.
 
എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ കാണുന്ന കാഴ്ച അത്ഭുതകരമാണ്. പേട്ടയെയും വിശ്വാസത്തെയും പിന്നിലാക്കി പേരന്‍‌പ് മുന്നിലെത്തിയിരിക്കുന്നു. എല്ലാ ഷോയും ഹൌസ്ഫുള്‍ ആകുന്നു. മൌത്ത് പബ്ലിസിറ്റി ഒരു സിനിമയ്ക്ക് എത്രവലിയ വിജയഘടകമാണെന്നതിന് ഉദാഹരണമായി മാറുകയാണ് പേരന്‍‌പ് നേടുന്ന സൂപ്പര്‍ വിജയം.
 
ആദ്യദിവസം തന്നെ മുതല്‍ മുടക്കായ ഏഴുകോടി രൂപ തിരിച്ചുപിടിച്ചാണ് പേരന്‍‌പ് വിജയക്കുതിപ്പ് തുടങ്ങിയത്. ഒരുപക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടമായി പേരന്‍‌പ് മാറാനുള്ള സാധ്യതയെക്കുറിച്ചാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article