അയോധ്യയിലെ രാമപഥ് രൂപാന്തരപ്പെടുത്താന്‍ അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) ഒരുങ്ങുന്നതിനാല്‍ എല്ലാ മദ്യശാലകളും മാംസക്കടകളും ഉടന്‍ അടച്ചുപൂട്ടും. രാമക്ഷേത്രം വരെയുള്ള 13 കിലോമീറ്റര്‍ നീളമുള്ള ഭാഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിപുലമായ പുനര്‍വികസനത്തിന് വിധേയമായതായും, ഇപ്പോള്‍ അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അവിടെ മദ്യശാലകളും മാംസക്കടകളും അനുവദിക്കില്ലെന്നും മതപരമായ സ്ഥലമായതിനാല്‍ ജനങ്ങളുടെ വികാരം ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
ശ്രീരാമന് സമര്‍പ്പിച്ചിരിക്കുന്ന ഈ പാതയുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നതാണ് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. വഴിയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന ഒഴിവാക്കും. ഈ പ്രമേയം നടപ്പിലാക്കിയത് പ്രത്യേകിച്ച് ബിസിനസ് സമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഒമ്പത് മാംസക്കടകളും 13 മദ്യശാലകളും ഉള്‍പ്പെടെ ആകെ 22 സ്ഥാപനങ്ങള്‍ സ്ഥിരമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍, നഗരത്തിലെ വ്യാപാര സംഘടന ആശങ്ക പ്രകടിപ്പിച്ചു.