മൊത്തത്തില്‍ 'ചോര്‍ച്ച'യാണല്ലോ ! മഴ ശക്തമായാല്‍ രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടക്കില്ലെന്ന് മുഖ്യ പുരോഹിതന്‍

രേണുക വേണു

ചൊവ്വ, 25 ജൂണ്‍ 2024 (11:30 IST)
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീകോവിലിന്റെ മേല്‍ക്കൂരയിലാണ് ചോര്‍ച്ച. ആദ്യ മഴയില്‍ തന്നെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. മഴ ശക്തമായാല്‍ ചോര്‍ച്ച കാരണം പ്രാര്‍ത്ഥനകള്‍ നടത്താന്‍ പ്രയാസമാണ്. ക്ഷേത്രത്തില്‍ നിന്നും വെള്ളം ഒലിച്ചുപോകാന്‍ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
' മഴ ശക്തമായാല്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച കാരണം ഉള്ളിലേക്ക് വെള്ളം കയറുന്നു. ശക്തമായി മഴ പെയ്യുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ പ്രയാസമാണ്. ക്ഷേത്രത്തില്‍ നിരവധി എന്‍ജിനീയര്‍മാരുണ്ട്. എന്നിട്ടും ഇപ്പോഴും മേല്‍ക്കൂരയില്‍നിന്ന് വെള്ളം ഒഴുകുകയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല.' വാര്‍ത്താ ഏജന്‍സിയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഒന്നാം നിലയില്‍ നിന്ന് മഴവെള്ളം ചോര്‍ന്നൊലിക്കുന്നതായി ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്രയും സ്ഥിരീകരിച്ചു. മേല്‍ക്കൂര നന്നാക്കുന്നതിനും വാട്ടര്‍പ്രൂഫ് ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. 
 
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കിയ തര്‍ക്കസ്ഥലത്ത് ക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍