ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകനാകുന്നു. നിവിൻ പോളി, അജു വർഗീസ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് സിനിമ നേടിയത്. ഇതിന് പിന്നാലെ ധ്യാൻ സംവിധാന കുപ്പായം അണിഞ്ഞിരുന്നില്ല.
'എനിക്ക് മെയ് വരെ മാത്രമാണ് ഇപ്പോൾ അഭിനയത്തിൽ കമ്മിറ്റ്മെന്റ്സ് ഉള്ളത് അത് കഴിഞ്ഞാൽ സംവിധാനത്തിലേക്ക് കടക്കുകയാണ്. സ്ക്രിപ്റ്റ് എല്ലാം ഏകദേശം പൂർത്തിയായി. ഒരു സൂപ്പർസ്റ്റാറിനെ വെച്ചാണ് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നത്', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ത്രില്ലർ ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, നടന്റേതായി അടുത്തകാലത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിമർശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. ലവ് ആക്ഷൻ ഡ്രാമ, ഗൂഡാലോചന, സാജൻ ബേക്കറി, പ്രകാശൻ പറക്കട്ടെ, ആപ്പ് കൈസേ ഹോ, 9 എം എം തുടങ്ങിയ സിനിമകളാണ് ഇതിന് മുൻപ് ധ്യാന്റെ രചനയിൽ പുറത്തിറങ്ങിയ സിനിമകൾ.