മലയാള സിനിമയിലെയും സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെയും ഡ്രഗ്സിന്റെ ഉപയോഗം സംബന്ധിച്ച് വാർത്തകളും ആരോപണങ്ങളും ഉയരാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഇന്ന് എക്സൈസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് വേടൻ ആണ് ലിസ്റ്റിലുള്ളത്.
എക്സൈസ് നടത്തിയ പരിശോധനയിൽ റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഏഴ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന നടത്തിയത്. ഈ സമയത്ത് വേടനും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. വേടനൊപ്പം മറ്റ് എട്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. അന്വേഷണത്തിൽ വേടന്റെ സ്ഥിരം പരിപാടിയാണിതെന്ന് ഫ്‌ലാറ്റിലെ ജീവനക്കാർ മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്.
വേടന്റെ അറസ്റ്റിന് പിന്നാലെ റാപ്പറിന്റെ തന്നെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേടൻ ഇന്നത്തെ യുവത്വത്തിന് ലഹരിവിരുദ്ധ ഉപദേശം നൽകുന്ന വീഡിയോ ആണിത്. സിന്തറ്റിക് ഡ്രഗ്സ് നമ്മുടെ തലമുറയുടെ തലച്ചോറിനെ കാർന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്ത് ഇക്കാര്യം പറഞ്ഞ് കരഞ്ഞുകൊണ്ട് വരുന്നതെന്നും വേടൻ പറഞ്ഞിരുന്നു. തന്റെ പരുപാടിയിൽ പങ്കെടുക്കാനെത്തിയവരോട് ഇത്തരം ഡ്രഗ്സ് ഉപയോഗിക്കരുതെന്നും വേടൻ ആവശ്യപ്പെട്ടു.
'ചേട്ടൻ തന്നെ ഇപ്പോഴത്തെ മക്കൾക്ക് വഴികാട്ടി ആകുന്നു' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. ഹിരൺദാസ് മുരളിയെന്ന തൃശൂർ സ്വദേശിയാണ് വേടൻ എന്ന പേര് സ്വീകരിച്ച് മലയാള റാപ്പ് ഗാന രംഗത്ത് സ്വന്തമായ ഇരിപ്പിടം നേടിയത്. ബിംബങ്ങൾ എല്ലാം തകർന്നടിയുകയാണെന്നും ആരെയും മാതൃകയായി കാണാൻ കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്നും ഖേദിക്കുന്നവരുമുണ്ട്.