പുകവലി തുടങ്ങരുതെന്ന അഭ്യർത്ഥനയുമായി നടൻ സൂര്യ. താൻ സിനിമയിലെ അഭിനയത്തിന്റെ ഭാഗമായി മാത്രമാണ് സിഗരറ്റ് വലിക്കുന്നതെന്നും ജീവിതത്തിൽ അത്തരം ദുശീലങ്ങൾ തനിക്കില്ലെന്നും സൂര്യ തന്റെ ആരാധകരോട് വ്യക്തമാക്കി. അത്തരം കാര്യങ്ങളെ താൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നും നടൻ പറഞ്ഞു. പുതിയ ചിത്രമായ റെട്രോയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സൂര്യ.
'ഞാൻ സിനിമയിൽ മാത്രമാണ് സിഗരറ്റ് വലിച്ചത്. ദയവ് ചെയ്ത് ആരും ജീവിതത്തിൽ സിഗരറ്റ് വലിക്കരുത്. തുടങ്ങിയാൽ പിന്നെ അവസാനിപ്പിക്കാൻ പറ്റില്ല. ഒരു പഫ് എന്ന് പറഞ്ഞായിരിക്കും തുടങ്ങുക. എന്നാൽ അത് നിർത്താനാകില്ല. അത് ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല,' എന്ന് സൂര്യ പറഞ്ഞു.
അതേസമയം റെട്രോ മെയ് ഒന്നിന് റിലീസ് ചെയ്യുകയാണ്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.