വേദ കൃഷ്‌ണമൂർത്തി: ഇന്ത്യൻ വനിതാ ലോകകപ്പ് ടീമിലെ കരാട്ടെ കിഡ്

അഭിറാം മനോഹർ
വ്യാഴം, 5 മാര്‍ച്ച് 2020 (15:39 IST)
സച്ചിൻ ടെൻഡുൽക്കറെ ആരാധനാപാത്രമായി സ്വീകരിച്ചതിന് ശേഷം കഠിനപ്രയത്നത്തിലൂടെ സച്ചിനൊപ്പം തന്നെ ഓപ്പണിങ് ബാറ്റ് ചെയ്യാൻ സാധിച്ച വിരേന്ദർ സേവാഗിന്റെ കഥ ഇന്ത്യക്കാർക്കെല്ലാം സുപരിചിതമാണ്. അത്തരത്തിൽ ഇന്ത്യൻ വനിതാ ടീമിലും ഒരു ഫാൻ ഗേൾ ഉണ്ട്. മിതാലി രാജിനെ ആരാധിച്ച് കളിച്ച് വളർന്ന് ഒടുവിൽ മിതാലി രാജിനോടൊപ്പം തന്നെ കളിക്കുവാൻ സാധിച്ച കർണാടകക്കാരി വേദ കൃഷ്‌ണമൂർത്തി. എന്നാൽ ആരാധ്യതാരത്തൊനൊപ്പം കളിക്കുവാൻ സാധിച്ചത് മാത്രമല്ല വേദ കൃഷ്ണമൂർത്തിയുടെ പ്രത്യേകത. ഇന്ത്യൻ ടീമിലെ എണ്ണപ്പെട്ട ഫീൽഡിംഗ്താരവും ഓൾ റൗണ്ടറുമായ വേദ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സ്വന്തമായുള്ളയാളാണ്. ഇന്ത്യൻ ക്രിക്കറ്റിലെ കരാട്ടെ കിഡ്.
 
12ആം വയസ്സിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ വേദ 13ആം വയസിലാണ് അക്കാദമിയിൽ ചേർന്ന് ക്രിക്കറ്റ് പരിശീലിക്കാൻ തുടങ്ങിയത്.വേദയുടെ കഴിവിൽ പൂർണ വിശ്വസമായിരുന്നു പരിശീലകൻ ഇർഫാൻ സേഠ് ആണ് അവളെ കൂടുതൽ പരിശീലനം ലഭ്യമാവാൻ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറ്റണമെന്ന് വേദയുടെ പിതാവിനോട് ആവശ്യപ്പെട്ടത്.
 
പ്രദേശിക കേബിൾ ഓപ്പറേറ്ററായിരുന്ന പിതാവ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണെങ്കിലും മകളുടെ പരിശീലനത്തിനായി ചിക്കമംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് താമസം മാറ്റി. 2009ൽ ആഭ്യന്തരക്രിക്കറ്റിൽ വരവറിയിച്ച താരം 2011ലാണ് ഇന്ത്യൻ ടീമിൽ പ്രവേശനം നേടുന്നത്. ഇംഗ്ലണ്ടിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധ സെഞ്ചുറി സ്വന്തമാക്കിയ വേദക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടീമിൽ തന്റെ ആരാധ്യ താരത്തിനൊപ്പം കളിക്കാൻ വേദക്ക് സാധിക്കുകയും ചെയ്‌തു. ആ യാത്ര ഇപ്പോൾ ഞായറാഴ്ച്ച നടക്കാനിരിക്കുന്ന വനിതകളുടെ ടി20 ലോകകപ്പ് വരെയെത്തിനിൽക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article