ഐസിസിയുടെ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടുന്നത്. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. കനത്ത മഴയെ തുടർന്ന് ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ട മത്സരത്തിൽ പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് എട്ടും ഇംഗ്ലണ്ടിന് ആറും പോയിന്റുകളാണുണ്ടായിരുന്നത്.
നേരത്തെ ഗ്രൂപ്പ് എ ചാമ്യന്മാരായി സെമി പ്രവേശനം നേടിയ ഇന്ത്യ കളിച്ച നാല് മത്സരങ്ങളും വിജയിച്ചിരുന്നു.അതേസമയം, ഗ്രൂപ്പ് ബിയില്‍ നിന്നു റണ്ണറപ്പായാണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. നാലു മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിന് മൂന്നെണ്ണത്തിൽ മാത്രമെ വിജയിക്കാൻ സാധിച്ചുള്ളു. രണ്ടാം സെമി മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരിക്കും ഏറ്റുമുട്ടുക. ഇതിൽ വിജയിക്കുന്ന ടീമുമായായിരിക്കും ഇന്ത്യയുടെ ഫൈനൽ മത്സരം. ഞായറാഴ്ച്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അരങ്ങേറുക.