വയസ്സ് വെറും 16 മാത്രം, ഐസിസി വനിതാ റാങ്കിംഗ് തലപ്പത്ത് ഇന്ത്യയുടെ കൗമാരതാരം ഷെഫാലി വർമ

അഭിറാം മനോഹർ

ബുധന്‍, 4 മാര്‍ച്ച് 2020 (11:28 IST)
ഐസിസി ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വർമ. ഇന്ന് പ്രഖ്യാപിച്ച ടി20 ബാറ്റ്സ്മാന്മാരുടെ ഐസിസി ബാറ്റ്സ്ന്മാന്മാരുടെ പുതിയ റാങ്കിങ്ങിൽ 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 761 പോയിന്റാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്.750 പോയിന്റുള്ള ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സിനെ പിന്തള്ളിയാണ് ഷെഫാലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് പേരും തമ്മിൽ 11 പോയിന്റിന്റെ വ്യത്യാസമുണ്ട്.
 
പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഷെഫാലി വർമ ഇതുവരെ വെറും 18 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനമാണ് ഷെഫാലിയെ ഉയർന്ന റാങ്കിലേക്കെത്തിച്ചത്. ഇതുവരെയും 161 റൺസാണ് ലോകകപ്പിലെ നാല് ഇന്നിങ്സുകളിൽ നിന്നായി ഷെഫാലി നേടിയത്. 18 ടി20 മത്സരങ്ങളിൽ നിന്നും 485 റൺസാണ് ഷെഫാലി നേടിയിട്ടുള്ളത്.ഷെഫാലിയെ കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടെ ആദ്യ പത്തിലുണ്ട്.സ്മൃതി മന്ഥാന ആറാം സ്ഥാനത്തും ജമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്തുമാണ്. ഇരുവര്‍ക്കും രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി.
 
ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മൂന്ന് ഓസട്രേലിയന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. ബേത് മൂണി (3), മെഗ് ലാന്നിങ് (5), അലീസ ഹീലി (7) എന്നിവരാണ് ആദ്യ പത്തിലുള്ള ഓസീസ് വനിതകൾ. ബൗളർമാരുടെ പട്ടികയിലും മൂന്ന് ഇന്ത്യൻ താരങ്ങൾ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.ദീപ്തി ശര്‍മ (5), രാധ യാദവ് (7), പൂനം യാദവ് (8) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇംഗണ്ടിന്റെ സോഫി എക്ലസ്റ്റോണാണ് പട്ടികയിൽ ഒന്നാമതുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍