മുൾഡർ പരിഭ്രമിച്ചു, നഷ്ടപ്പെടുത്തിയത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമെന്ന് ക്രിസ് ഗെയ്ൽ

അഭിറാം മനോഹർ

ബുധന്‍, 9 ജൂലൈ 2025 (17:53 IST)
Wiaan Mulder panic moment
വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് മറികടക്കാന്‍ അവസരമുണ്ടായിട്ടും ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്ത വിയാന്‍ മുള്‍ഡറാണ് കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്തെ പ്രധാനസംസാരവിഷയം. ലാറയോടുള്ള ബഹുമാനം കാരണമാണ് റെക്കോര്‍ഡ് വേണ്ടെന്ന് വെച്ചതെന്നും ആ റെക്കോര്‍ഡ് സൂക്ഷിക്കാന്‍ അര്‍ഹന്‍ ലാറ തന്നെയാണെന്നും മത്സരശേഷം മുള്‍ഡര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുള്‍ഡര്‍ പരിഭ്രാന്തനായെന്നും കാണിച്ചത് മണ്ടത്തരമാണെന്നുമാണ് മറ്റൊരു വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയ്ല്‍ പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അവസരമാണ് മുള്‍ഡര്‍ നഷ്ടപ്പെടുത്തിയതെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
 
ഇത് പതിവായി സംഭവിക്കുന്ന ഒന്നല്ല. ഇനി എപ്പോഴാണ് നിങ്ങള്‍ക്ക് വീണ്ടുമൊരു ട്രിപ്പിള്‍ സെഞ്ചുറിക്ക് അടുത്തെത്താന്‍ സാധിക്കുകയെന്ന് അറിയില്ലല്ലോ. ഇത് പോലെ അവസരം ലഭിക്കുമ്പോള്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. വലിയ മനസാണ് മുള്‍ഡര്‍ കാണിച്ചത്. ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് നിലനില്‍ക്കട്ടെ എന്നാണ് പറഞ്ഞത്. ഒരു പക്ഷേ അദ്ദേഹം പരിഭ്രമിച്ചിരിക്കാം. ആ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയിരിക്കാം. ഗെയ്ല്‍ പറഞ്ഞു.
 
 നിങ്ങള്‍ 367 റണ്‍സില്‍ നില്‍ക്കുകയാണ്. നിങ്ങള്‍ സ്വാഭാവികമായും ആ റെക്കോര്‍ഡിന് ശ്രമിക്കണം. റെക്കോര്‍ഡുകളാണ് ഇതിഹാസങ്ങളെ സൃഷ്ടിക്കുന്നത്. അത് നേടിയെടുക്കാന്‍ ശ്രമിക്കണം. അങ്ങനെ ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ ടെസ്റ്റാണ്. ടെസ്റ്റില്‍ 400 റണ്‍സ് നേടാനാവുക എന്നതെല്ലാം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. അദ്ദേഹം അത് കളഞ്ഞുകുളിച്ചു. എനിക്കായിരുന്നു ഈ അവസരമെങ്കില്‍ ഞാന്‍ 400 റണ്‍സ് നേടുമായിരുന്നു. ഗെയ്ല്‍ പറഞ്ഞു.
 
 ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് മുള്‍ഡര്‍ സിംബാബ്വെയ്‌ക്കെതിരെ നേടിയത്. ലാറയെ കൂടാതെ ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ, ഓസീസ് താരമായ മാത്യു ഹെയ്ഡന്‍ എന്നിവരാണ് മുള്‍ഡര്‍ക്ക് മുന്നിലുള്ളത്. 2004 ഏപ്രില്‍ 12നായിരുന്നു ലാറ 400 റണ്‍സെന്ന മാന്ത്രികസംഖ്യ തൊട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍