Wiaan Mulder: 'ലാറ ഇതിഹാസം, ആ റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടത്'; 367 ല്‍ ഡിക്ലയര്‍ ചെയ്തതിനെ കുറിച്ച് മള്‍ഡര്‍

രേണുക വേണു

ചൊവ്വ, 8 ജൂലൈ 2025 (09:45 IST)
Wiaan Mulder

Wiaan Mulder: സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 400 ആക്കാന്‍ അവസരമുണ്ടായിട്ടും അത് ചെയ്യാതിരുന്നതിനെ ന്യായീകരിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മള്‍ഡര്‍. വ്യക്തിഗത സ്‌കോര്‍ 367 ല്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു മള്‍ഡര്‍. 
 
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലാണ്. ഈ റെക്കോര്‍ഡ് മറികടക്കാന്‍ വെറും 33 റണ്‍സ് മാത്രമായിരുന്നു മള്‍ഡര്‍ക്കു വേണ്ടിയിരുന്നത്. അപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മള്‍ഡര്‍ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. 
 
ലാറ ഇതിഹാസ താരമാണെന്നും 400 റണ്‍സെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണെന്നും മള്‍ഡര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കു ആവശ്യമായ സ്‌കോര്‍ എത്തിയെന്നു എനിക്ക് മനസ്സിലായി. ഇനി ഞങ്ങള്‍ക്കു ബൗള്‍ ചെയ്യണം. അതുകൊണ്ടാണ് വ്യക്തിഗത സ്‌കോര്‍ 400 ലേക്ക് എത്തിക്കാന്‍ കാത്തുനില്‍ക്കാതിരുന്നതെന്ന് മള്‍ഡര്‍ പ്രതികരിച്ചു. 
 
' ബ്രയാന്‍ ലാറ ഇതിഹാസ താരമാണ്. ആ റെക്കോര്‍ഡ് അങ്ങനെ തന്നെ തുടരട്ടെ. അദ്ദേഹം 401 റണ്‍സോ അല്ലെങ്കില്‍ സമാനമായ നേട്ടമോ കൈവരിച്ചത് ഇംഗ്ലണ്ടിനെതിരെയാണ്. എനിക്ക് ഇനിയും ഇതുപോലെ ഒരു അവസരം ലഭിച്ചാലും ഞാന്‍ ചിലപ്പോള്‍ ഇതുതന്നെ ചെയ്യും. ആ നേട്ടം ബ്രയാന്‍ ലാറ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി,' മള്‍ഡര്‍ പറഞ്ഞു. 
 
334 പന്തില്‍ 49 ഫോറും നാല് സിക്‌സും സഹിതമാണ് മള്‍ഡര്‍ 367 റണ്‍സ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2012 ല്‍ ഇംഗ്ലണ്ടിനെതിരെ ഹാഷിം അംല നേടിയ 311 റണ്‍സിനെ മള്‍ഡര്‍ മറികടന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍