Wiaan Mulder: ഇത് ക്യാപ്റ്റന്മാരുടെ സമയം, ഇന്ത്യയ്ക്ക് ഗിൽ എങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുൾഡർ, ഡബിളല്ല മുൾഡറുടേത് ട്രിപ്പിൾ!
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററെന്ന നേട്ടം മത്സരത്തിന്റെ ആദ്യ ദിവസം തന്നെ മുള്‍ഡര്‍ സ്വന്തമാക്കിയിരുന്നു. ഗ്രഹാം ഡൗളിംഗ്, ശിവ്‌നാരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടിയ മറ്റ് താരങ്ങള്‍.സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ തന്നെ ഓപ്പണര്‍മാരായ ടോണി ഡി സോഴ്‌സി(10), ലെസേഗോ സെനോക്വാനെ(3) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന മുള്‍ഡര്‍- ബെഡിങ്ഹാം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 82 റണ്‍സുമായി ബെഡിങ്ഹാം മികച്ച പിന്തുണയാണ് മുള്‍ഡറിന് നല്‍കിയത്. പിന്നാലെ ക്രീസിലെത്തിയ ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസും തകര്‍ത്തടിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തിയത്.
4 വിക്കറ്റിന് 465 എന്ന നിലയില്‍ നിന്നും രണ്ടാം ദിനം ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 30 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിന്റെ വിക്കറ്റാണ് രണ്ടാം ദിനത്തില്‍ നഷ്ടമായത്. ആദ്യദിനം അവസാനിക്കുമ്പോള്‍ 259 പന്തില്‍ നിന്നും 34 ഫോറുകളും 3 സിക്‌സുകളും അടക്കം 264 റണ്‍സാണ് മുള്‍ഡര്‍ നേടിയിരുന്നത്. 297 പന്തില്‍ നിന്നും 38 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതമാണ് മുള്‍ഡറുടെ നേട്ടം. ഇന്ത്യന്‍ നായകനായി ചുമതലയേറ്റ ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നായകനും തന്റെ വരവറിയിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 100 ഓവറില്‍ 5 വിക്കറ്റിന് 524 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.