ഐപിഎൽ വിപണി മൂല്യത്തിൽ വൻ വർധന, ഏറ്റവും ബ്രാൻഡ് മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആർസിബി, മുംബൈ രണ്ടാമത്, കഴിഞ്ഞ വർഷം ഏറ്റവും നേട്ടമുണ്ടാക്കിയത് പഞ്ചാബ്
കഴിഞ്ഞ ഐപിഎല്‍ കിരീടനേട്ടത്തോട് കൂടി ഐപിഎല്ലിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ഫ്രാഞ്ചൈസിയായി മാറി ആര്‍സിബി. കഴിഞ്ഞ ഫൈനല്‍ വിജയത്തോടെ 269 മില്യണ്‍ ഡോളറിന്റെ കുതിപ്പാണ് ആര്‍സിബിയുടെ ബ്രാന്‍ഡ് വാല്യുവില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐപിഎല്ലിന്റെ വിപണിമൂല്യം 13.8 ശതമാനം വളര്‍ന്ന് 3.9 ബില്യണ്‍ ഡോളറായി മാറി.ബ്രാന്‍ഡ് വാല്യുവേഷന്‍ നടത്തുന്ന ഹൗലിഹന്‍ ലോക്കിയുടെ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ എല്ലാ ഫ്രാഞ്ചൈസികളുടേതും അടക്കം വിപണി മൂല്യം 18.5 ബില്യണ്‍ ഉയര്‍ന്നിട്ടുണ്ട്.
242 മില്യണ്‍ യുഎസ് ഡോളര്‍ ബ്രാന്‍ഡ് വാല്യുവുള്ള മുംബൈ ഇന്ത്യന്‍സാണ് ഫ്രാഞ്ചൈസികളില്‍ ആര്‍സിബിക്ക് തൊട്ട് താഴയുള്ളത്. 235 മില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള ചെന്നൈ മൂന്നാം സ്ഥാനത്താണ്. അതേസമയം ഐപിഎല്ലില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം പ്ലേ ഓഫ് കളിച്ച് ഫൈനലിലെത്തിയ പഞ്ചാബ് കിംഗ്‌സാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും നേട്ടമുണ്ടാക്കിയ ടീം. പഞ്ചാബിന്റെ ബ്രാന്‍ഡ് വാല്യുവില്‍ 39.6 ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്. ഐപിഎല്‍ പ്ലേ ഓഫിലെത്താന്‍ സാധിച്ചില്ലെങ്കിലും ലഖ്‌നൗവിന്റെ വിപണിമൂല്യം 34 ശതമാനം ഉയര്‍ന്നു. ഐപിഎല്‍ ഫൈനല്‍ ദിവസം 57.8 കോടി പേരാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ മത്സരം കണ്ടത്. പരസ്യവരുമാനത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഐപിഎല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും വരുമാനമുള്ള ബ്രാന്‍ഡായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.