T20 World Cup 2024: കെ.എല്‍.രാഹുല്‍ മുതല്‍ ദിനേശ് കാര്‍ത്തിക് വരെ; ഐപിഎല്ലില്‍ നന്നായി കളിച്ചിട്ടും ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്ത പ്രമുഖര്‍

രേണുക വേണു
ബുധന്‍, 1 മെയ് 2024 (11:54 IST)
T20 World Cup 2024 - KL Rahul, Dinesh Karthik, Riyan Parag

T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാതെ പ്രമുഖ താരങ്ങള്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക പങ്ക് വഹിച്ച ചില താരങ്ങളും ട്വന്റി 20 ലോകകപ്പ് ടീമിനു പുറത്താണ്. അത്തരത്തില്‍ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്ത പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം: 
 
1. കെ.എല്‍.രാഹുല്‍
 
ലോകകപ്പ് ടീം സെലക്ഷന്‍ ചര്‍ച്ചകളില്‍ വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണനയില്‍ ഉണ്ടായിരുന്ന താരം. എന്നാല്‍ സഞ്ജു സാംസണും റിഷഭ് പന്തും മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നതോടെ രാഹുലിന്റെ വഴി അടഞ്ഞു. ഐപിഎല്ലില്‍ 10 കളികളില്‍ നിന്ന് 135.71 സ്‌ട്രൈക്ക് റേറ്റില്‍ 406 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാമന്‍. ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച ഇന്നിങ്‌സുകളാണ് രാഹുല്‍ കളിച്ചിട്ടുള്ളത്. 
 
2. ഋതുരാജ് ഗെയ്ക്വാദ് 
 
ഐപിഎല്‍ 2024 റണ്‍വേട്ടയില്‍ രണ്ടാമന്‍. ഒന്‍പത് കളികളില്‍ നിന്ന് 149.49 സ്‌ട്രൈക്ക് റേറ്റില്‍ 447 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ചെന്നൈയുടെ ക്യാപ്റ്റന്‍ എന്ന നിലയിലും ഈ സീസണില്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്. 
 
3. റിയാന്‍ പരാഗ് 
 
ഐപിഎല്ലിലെ മിന്നും ഫോം കണക്കിലെടുത്ത് ബിസിസിഐ ഉറപ്പായും ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ അവസരം നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച താരമാണ് റിയാന്‍ പരാഗ്. ഒന്‍പത് കളികളില്‍ നിന്ന് 159.61 സ്‌ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. പാര്‍ട്ട് ടൈം ബൗളറായും പരാഗിനെ ഉപയോഗിക്കാം. 
 
4. ദിനേശ് കാര്‍ത്തിക് 
 
ഈ ഐപിഎല്‍ സീസണില്‍ മിന്നുന്ന ഫോമിലൂടെയാണ് ദിനേശ് കാര്‍ത്തിക് കടന്നുപോകുന്നത്. പത്ത് കളികളില്‍ നിന്ന് 195.52 സ്‌ട്രൈക്ക് റേറ്റില്‍ 262 റണ്‍സ് നേടിയിട്ടുണ്ട്. ഫിനിഷര്‍ എന്ന നിലയില്‍ ഗംഭീര പ്രകടനമാണ് മിക്ക മത്സരങ്ങളിലും കാഴ്ചവെച്ചത്. 
 
5. ശ്രേയസ് അയ്യര്‍ 
 
ഏകദിന ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആയിരുന്നു ശ്രേയസ്. എന്നാല്‍ ഐപിഎല്ലില്‍ ശരാശരി പ്രകടനം മാത്രമാണ് ഇതുവരെ നടത്തിയത്. ഒന്‍പത് കളികളില്‍ നിന്ന് 137.15 സ്‌ട്രൈക്ക് റേറ്റില്‍ നേടിയിരിക്കുന്നത് 251 റണ്‍സ് 
 
6. തിലക് വര്‍മ 
 
ഇടം കൈയന്‍ ബാറ്ററായ തിലക് വര്‍മ പത്ത് മത്സരങ്ങളില്‍ നിന്ന് 153.81 സ്‌ട്രൈക്ക് റേറ്റില്‍ 343 റണ്‍സ് നേടിയിട്ടുണ്ട്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പത്താം സ്ഥാനത്ത്. 
 
7. സന്ദീപ് ശര്‍മ 
 
നാല് കളികളില്‍ നിന്ന് 7.13 ഇക്കോണമിയില്‍ എട്ട് വിക്കറ്റുകള്‍ സന്ദീപ് വീഴ്ത്തിയിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന യുഎസ്എയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും വേഗം കുറഞ്ഞ പിച്ചുകളില്‍ സ്ലോവറുകള്‍ എറിയാന്‍ കഴിവുള്ള സന്ദീപ് ശര്‍മയെ കളിപ്പിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു
 
8. രവി ബിഷ്‌ണോയ് 
 
10 കളികളില്‍ നിന്നായി 8.52 ഇക്കോണമിയില്‍ ആറ് വിക്കറ്റുകള്‍ മാത്രമാണ് ബിഷ്‌ണോയ് വീഴ്ത്തിയിരിക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്ക് ബിഷ്‌ണോയിക്ക് ലോകകപ്പ് സ്‌ക്വാഡില്‍ അവസരം നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 
 
9. റിങ്കു സിങ് 
 
ഫിനിഷര്‍ എന്ന നിലയില്‍ മികവ് പുലര്‍ത്തുന്ന താരം. ഈ സീസണില്‍ ഒന്‍പത് കളികളില്‍ നിന്ന് 150 സ്‌ട്രൈക്ക് റേറ്റില്‍ 123 റണ്‍സാണ് നേടിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ റിസര്‍വ് താരമായി മാത്രമാണ് റിങ്കു ഇടംപിടിച്ചത്. 15 അംഗ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ച താരമാണ് റിങ്കു. 
 
10. മുഹമ്മദ് ഷമി 
 
പരുക്ക് ഇല്ലായിരുന്നെങ്കില്‍ ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമി ഇടം പിടിക്കുമായിരുന്നു. പരുക്കിനെ തുടര്‍ന്നാണ് ഷമിക്ക് ഈ ഐപിഎല്‍ സീസണ്‍ നഷ്ടമായത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിരുന്നു ഷമി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article