What is Stop-Clock Penalty Rule: യുഎസിനെതിരായ മത്സരത്തില്‍ ജയിച്ച് ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 8 ലേക്ക് കയറിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടന്നിരിക്കുന്നത്. യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി. യഥാര്‍ഥത്തില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തത് 106 റണ്‍സ് മാത്രമാണ്. അഞ്ച് റണ്‍സ് യുഎസ് വക ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കപ്പെട്ടതാണ് ! സ്റ്റോപ്പ് ക്ലോക്ക് നിയമപ്രകാരമാണ് ഇന്ത്യക്ക് അഞ്ച് റണ്‍സ് സൗജന്യമായി ലഭിച്ചത്.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്ന് തവണയാണ് യുഎസ് ബൗളര്‍മാര്‍ പുതിയ ഓവര്‍ തുടങ്ങാന്‍ വൈകിയത്. ഇതേ തുടര്‍ന്നാണ് യുഎസിന് അംപയര്‍മാര്‍ അഞ്ച് റണ്‍സ് പിഴയായി ചുമത്തിയത്. രണ്ടാം ഇന്നിങ്‌സിന്റെ 15-ാം ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് യുഎസിന് സ്റ്റോപ്പ് ക്ലോക്ക് നിയമ പ്രകാരം അഞ്ച് റണ്‍സ് പിഴ വഹിക്കേണ്ടി വന്നത്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയിരുന്നത്. ജയിക്കാന്‍ വേണ്ടിയിരുന്നത് 30 പന്തില്‍ 35 റണ്‍സ്. 16-ാം ഓവര്‍ ആരംഭിക്കാന്‍ യുഎസ് 60 സെക്കന്‍ഡില്‍ കൂടുതല്‍ സമയം എടുത്തതോടെ സ്‌റ്റോപ്പ് ക്ലോക്ക് നിയമ പ്രകാരം അവരുടെ അഞ്ച് റണ്‍സ് കുറച്ചു. അതായത് ഇന്ത്യയുടെ വിജയലക്ഷ്യം 30 പന്തില്‍ 30 റണ്‍സായി പുനര്‍നിശ്ചയിക്കപ്പെട്ടു.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്ന് തവണയാണ് യുഎസ് പുതിയ ഓവര്‍ ആരംഭിക്കാന്‍ 60 സെക്കന്‍ഡില്‍ കൂടുതല്‍ എടുത്തത്. ഓവറുകള്‍ക്ക് ഇടയിലുള്ള സമയം നിയന്ത്രിക്കാനാണ് ഐസിസി സ്‌റ്റോപ്പ് ക്ലോക്ക് നിയമം ഐസിസി കൊണ്ടുവന്നത്. 60 സെക്കന്‍ഡ് മാത്രമേ ഓവറുകള്‍ക്ക് ഇടയില്‍ ടീമിന് ലഭിക്കുകയുള്ളൂ. ഒരു ഇന്നിങ്‌സില്‍ മൂന്ന് തവണ ഈ 60 സെക്കന്‍ഡിനുള്ളില്‍ പുതിയ ഓവര്‍ തുടങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ബൗളിങ് ടീമിനു അഞ്ച് റണ്‍സ് പിഴ ചുമത്തും.