ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളില്‍ കളിക്കാരുടെ കുടുംബാംഗങ്ങള്‍ ചേരുന്നത് നിയന്ത്രിച്ച ബിസിസിഐ നടപടിയില്‍ വിമര്‍ശനവുമായി സൂപ്പര്‍ താരമായ വിരാട് കോലി. കളിക്കാര്‍ക്കൊപ്പം കുടുംബം കൂടെയുള്ളതാണ് ഉചിതമെന്നും പര്യടനങ്ങളില്‍ കുടുംബം ഒപ്പമൂള്ളത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും കോലി വ്യക്തമാക്കി.
മത്സരം ജയിച്ചാലും തോറ്റാലും തിരികെ മുറിയിലെത്തുമ്പോള്‍ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം വേണം. ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം അത് എത്രമാത്രം ആശ്വാസമാണ് തരുന്നതെന്ന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് മനസിലാകില്ല. കുടുംബത്തിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. കോലി പറഞ്ഞു.
ഒരു മത്സരം കഴിഞ്ഞ് റൂമില്‍ പോയി ഒറ്റയ്ക്ക് ഇരിക്കാന്‍ എനിക്ക് കഴിയില്ല. സമയമുള്ളപ്പോഴെല്ലാം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഐപിഎല്ലിനോട് അനുബന്ധിച്ച് ആര്‍സിബി സംഘടിപ്പിച്ച പരിപാടിയില്‍ കോലി പറഞ്ഞു.