അയാൾ നിങ്ങൾക്ക് അഹങ്കാരിയായേക്കാം, എന്നാൽ അയാളോളം അഹങ്കരിക്കാൻ മറ്റാർക്കും അർഹതയില്ലെന്നതാണ് സത്യം

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (18:44 IST)
ലോകക്രിക്കറ്റിലെ കിംഗ് കോലിക്ക് ഇന്ന് 33 വയസ്സ് തികയുകയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാൾ എന്ന വിശേഷണം‌ തന്റെ മുപ്പതാം വയസ്സിന് മുൻപ് തന്നെ നേടിയ കോലി കളിക്കളത്തിലെ തന്റെ പോരാട്ടവീര്യത്തിന്റെ കാര്യത്തിലാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയതെന്ന് കാണാം. ഇന്ന് തന്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ ടി20 ലോകകപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങൾക്ക് നടുവിലാണ് കോലി.
 
ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ വിരമിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് അത് വലിയ വിടവുണ്ടാക്കുമെന്നാണ് ക്രിക്കറ്റ് ലോകം കണക്കുകൂട്ടിയത്. എന്നാൽ ആ വിടവ് അനുഭവിപ്പിക്കാൻ പോലും വിരാട് അനുവദിച്ചില്ല എന്നതാണ് സത്യം. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു വലിയ വിടവ് ഇല്ലാതാക്കി എന്ന് മാത്രമല്ല മറ്റാർക്കും വെട്ടിപിടിക്കാനാവാത്ത നേട്ടങ്ങൾ ഒരു ചെറിയ കാലയളവിനുള്ളിൽ തന്നെ സ്വന്തമാക്കാൻ കോലി‌ക്കായി.
 
എന്നാൽ തന്റെ അഹങ്കാരത്തിന്റെ പേരിലാണ് ഇക്കാലമെങ്ങും അയാൾ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നത് കാണാം. കളിക്കളത്തിൽ സൗമ്യരായിരുന്ന ഇന്ത്യൻ താരങ്ങളെ മാത്രം കണ്ട് ശീലിച്ച ജനത അയാളെ അഹങ്കാരിയെന്ന് മുദ്ര കുത്തുന്നതിൽ അത്ഭുതങ്ങളൊന്നുമില്ലെന്നാണ് സത്യം. തന്റെ 13 വർഷ ക്രിക്കറ്റ് കരിയറിൽ അയാൾ നേടിയ നേട്ടങ്ങൾ അത്രയധികമാണ്. 
 
2008ലെ അണ്ടർ 19 ലോകകിരീടം നേടികൊണ്ട് 2008ലെ ശ്രീലങ്കകെതിരായ സീരീസിലാണ് കോലി ഇന്ത്യൻ സീനിയർ ടീമിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. എന്നാൽ സച്ചിനും സെവാഗു‌മെല്ലാം തിളങ്ങിനിന്നിരുന്ന ടീമിൽ അയാൾ സ്ഥാനമുറപ്പിക്കുന്നത് 2009ലെ ചാമ്പ്യൻസ് ട്രോഫിയിലാണ്. 2010ലെ ത്രിരാഷ്ട്ര ടൂർണമെന്റിൽ 91,71*,102* എന്നിങ്ങനെ റണ്ണുകൾ തുടർച്ചയായി നേടിയ കോലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
 
ഇന്ന് തന്റെ മുപ്പത്തിമൂന്നാം പിറന്നാൾ വന്നടുക്കുമ്പോൾ 96 ടെസ്റ്റിൽ നിന്നും 51.09 ശരാശരിയിൽ 7765 റൺസ് കോലിക്കുണ്ട്. ഇതിൽ 27 വീതം സെഞ്ചുറികളും അർധ സെഞ്ചുറികളും ഉൾപ്പെ‌ടുന്നു. 254 ഏകദിനങ്ങളിൽ 59.07 ശരാശരിയിൽ 12169 റൺസാണ് കോലി അടിച്ചെടുത്തത്. 43 സെഞ്ചുറികളും 62 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
 
92 ടി20 മത്സരങ്ങളിൽ 52.02 ശരാശരിയിൽ 3225 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 29 അർധസെഞ്ചുറികളും ഈ ഫോർമാറ്റിൽ കോലി നേടി. മൂന്ന് ഫോർമാറ്റിലും 50ന് മുകളിൽ ബാറ്റിങ് ആവറേജുമായാണ് കോലി ലോകക്രിക്കറ്റിന്റെ രാജാവ് താൻ തന്നെയാണെന്ന് പ്രഖ്യാപിക്കുന്നത്. ഇന്ന് മോശം ഫോമിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോഴും അഹങ്കാരിയെന്ന് മുദ്ര കുത്തുമ്പോഴും ഒരോ കായികപ്രേമികളും വിമർശകരോട് പറയാൻ ആഗ്രഹിക്കുന്നത് ഒരൊറ്റ കാര്യമാണ്. അയാൾ നിങ്ങൾക്ക് അഹങ്കാരിയായേക്കാം, എന്നാൽ അയാളോളം അഹങ്കരിക്കാൻ മറ്റാർക്കും അർഹതയില്ലെന്നതാണ് സത്യം

അനുബന്ധ വാര്‍ത്തകള്‍

Next Article