എന്തൊരു വെറുപ്പിക്കലാണിത്, പണി കിട്ടാനുള്ള സാധ്യത കൂടുതൽ; തുറന്നടിച്ച് കോഹ്ലി

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (12:10 IST)
വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം മഴയില്‍ ഒലിച്ചുപോയതിന്റെ നിരാശ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചു. തുടരെ മഴ കളി തടസ്സപ്പെടുത്തുന്നതാണ് ക്രിക്കറ്റില്‍ സംഭവിക്കുന്ന ഏറ്റവും മോശം കാര്യമെന്ന് കോലി തുറന്നു സമ്മതിക്കുന്നു.
 
ഇന്ത്യ– വെസ്റ്റിൻഡീസ് ആദ്യ ഏകദിനത്തിനായി ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ മണിക്കൂറുകളാണ് ഇരു ടീമുകളും ഒപ്പം ആരാധകരും കളിക്കാനായി കാത്തുനിന്നത്. എന്നാൽ, മഴ മൂലം കളി ഉപേക്ഷിക്കേണ്ടതായി വന്നു. മൂന്ന് തവണയാണ് മഴ കളി മുടക്കിയത്. ഇതോടെ മത്സരം ഉപേക്ഷിക്കാൻ അം‌പയർമാർ തീരുമാനിക്കുകയായിരുന്നു. 
 
കളി തുടങ്ങുമെന്ന് അറിയിച്ച സമയത്ത് കനത്ത മഴയായിരുന്നു. എന്നാൽ, മഴ മാറി നിന്നത് രണ്ട് മണിക്കൂറിനു ശേഷമാണ്. വൈകി തുടങ്ങിയ കളി അധികം സമയം നീണ്ടു നിന്നില്ല. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 5.4 ഓവറിൽ വിക്കറ്റുപോകാതെ 9 റൺസ് എടുത്തു നിൽക്കെ മഴ വീണ്ടും കണ്ണ് പൊത്തി കളിയുമായി ഇറങ്ങി. കളി നിർത്തിയെങ്കിലും മഴ ശമിച്ചതോടെ വീണ്ടും കളി ആരംഭിക്കുകയായിരുന്നു.
 
അൽപം കഴിഞ്ഞപ്പോൾ മഴ നിലച്ചു. പിന്നീടു 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് ഒരു വിക്കറ്റിന് 54 റൺസ് എടുത്ത് നിൽക്കവേ മഴ മൂലം കളി വീണ്ടും തടസപ്പെട്ടു. 4 റൺസെടുത്ത ക്രിസ് ഗെയ്‌ലിനെ കുൽദീപ് യാദവാണു പുറത്താക്കിയത്.  
 
‘ഒന്നുകില്‍ കളി പൂര്‍ണമായും ഉപേക്ഷിക്കണം, അല്ലെങ്കില്‍ പൂര്‍ണമായും കളിക്കണം. തുടരെ നിര്‍ത്തി ആരംഭിക്കുന്ന മത്സരങ്ങളില്‍ താരങ്ങള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്‘ എന്നാണ് ഈ സംഭവത്തോട് കോലി പ്രതികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article