Mumbai Indians: ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനു ജയം; കൊല്‍ക്കത്തയെ വീഴ്ത്തി

രേണുക വേണു

ചൊവ്വ, 1 ഏപ്രില്‍ 2025 (07:45 IST)
Mumbai Indians

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു സീസണിലെ ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ട് തോല്‍വികളുടെ നിരാശ മറികടക്കാന്‍ ഈ ജയത്തിലൂടെ മുംബൈയ്ക്കു സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കണ്ടു. 
 
ജസ്പ്രിത് ബുംറയുടെ അസാന്നിധ്യത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ച യുവതാരം അശ്വനി കുമാറാണ് മുംബൈയുടെ വിജയശില്‍പ്പി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ഇടംകൈയന്‍ ബൗളറായ അശ്വനി വീഴ്ത്തിയത്. ദീപക് ചഹറിനു രണ്ട് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങില്‍ റയാന്‍ റിക്കല്‍ട്ടണ്‍ (41 പന്തില്‍ പുറത്താകാതെ 62) ആണ് മുംബൈയുടെ ജയം അനായാസമാക്കിയത്. സൂര്യകുമാര്‍ യാദവ് ഒന്‍പത് പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
16 പന്തില്‍ 26 റണ്‍സെടുത്ത അഗ്ക്രിഷ് രഘുവന്‍ശിയും 12 പന്തില്‍ 22 റണ്‍സെടുത്ത രമണ്‍ദീപ് സിങ്ങുമാണ് കൊല്‍ക്കത്ത നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാം തോല്‍വിയാണിത്. മൂന്ന് കളികളില്‍ ഒരു ജയത്തോടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് കൊല്‍ക്കത്ത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍