വെറും ക്ലബ് ക്രിക്കറ്റ് കളിച്ചുനടന്ന വിഘ്നേഷിനെ കൊത്തിയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയി, ആദ്യ കളിയിൽ തന്നെ അവസരം, ഇതാണ് മുംബൈയെ നമ്പർ വൺ ടീമാക്കുന്നത്

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (15:33 IST)
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് കയ്യിലിരിക്കുന്ന കപ്പുകളുടെ എണ്ണം വെച്ച് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിങ്ങനെ 2 അഭിപ്രായങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടാകാം. എന്നാല്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മുംബൈയ്ക്കുള്ള കഴിവ് മറ്റൊരു ടീമിനുമില്ല എന്നതാണ് സത്യം. സൂപ്പര്‍ താരങ്ങള്‍ എല്ലാവരും ഉള്ള ടീം കപ്പെടുക്കുന്നതില്‍ അത്ഭുതമില്ലെന്ന് ഒരിക്കല്‍ മുംബൈയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് നായകനായിരുന്ന രോഹിത് ശര്‍മ പറഞ്ഞ ഉത്തരം ഇന്നും പ്രസക്തമാണ്.
 
 ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ജസ്പീത് ബുമ്ര എന്നിവരെയൊക്കെയാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അവരെ ചെറുപ്പത്തിലെ കണ്ടെത്തി മുംബൈ വളര്‍ത്തിയെടുക്കുകയായിരുന്നു.  നാളെ തിലക് വര്‍മ, നേഹല്‍ വധേര, നമന്‍ ധിര്‍ തുടങ്ങിയ ആളുകളും വലിയ താരങ്ങളാകും അന്നും ആളുകള്‍ പറയും മുംബൈ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ടീമാണെന്ന്. അന്ന് രോഹിത് പറഞ്ഞ വാക്കുകള്‍ സത്യമെന്ന് തെളിയിക്കുന്നതാണ് ഐപിഎല്ലിലെ വിഘ്‌നേശ് പുത്തൂറിന്റെ എന്‍ട്രി.
 
 കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പോലും കളിക്കാതെ ക്ലബ് ക്രിക്കറ്റെല്ലാം കളിച്ച് നടന്നിരുന്ന പയ്യന്‍ മുംബൈ സ്‌കൗട്ടിംഗ് ടീമിന്റെ കണ്ണില്‍ പെടുന്നത് കേരള ടി20 ലീഗില്‍ ആലപ്പി റൈഫിള്‍സിനായി പയ്യന്‍ കളിക്കുമ്പോഴാണ്. താരത്തിന്റെ പ്രകടനം കണ്ട് ചെക്കന് കളിക്കാനുള്ള കഴിവുണ്ടെന്ന് മനസിലാക്കിയ മുംബൈ ടീം വിഘ്‌നേഷിന് റാഞ്ചുകയായിരുന്നു. സൗത്താഫ്രിക്കന്‍ ടി20 ലീഗിലെ മുംബൈ ടീമായ എംഐ കേപ്ടൗണ്ടിന്റെ നെറ്റ് ബൗളറായി മുംബൈ അവനെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയി. അവിടെ നെറ്റ് ബൗളറായി മാറിയ താരത്തെ മുംബൈ ഐപിഎല്ലിലേക്കും കൊണ്ടുപോയി. താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുകയും ചെയ്തു.
 
 നെറ്റ്‌സില്‍ തിലക് വര്‍മയേയും സൂര്യകുമാര്‍ യാദവിനെയും വിഘ്‌നേഷിന്റെ കഴിവ് ആകര്‍ഷിച്ചു. ഇടം കയ്യന്‍ ചൈനാമന്‍ ബൗളറെന്ന പ്രത്യേകതയും വിഘ്‌നേഷിന് മുതല്‍ക്കൂട്ടായി മാറി. ഇതോടെയാണ് ഫസ്റ്റ് ടീമില്‍ താരത്തിന് അവസരമൊരുങ്ങിയതെന്ന് മുംബൈ ബൗളിംഗ് കോച്ചായ പരസ് മാംബ്രെ പറയുന്നു. ആദ്യ അവസരത്തില്‍ ചെന്നൈയുടെ 3 വിക്കറ്റുകള്‍ നേടി വിഘ്‌നേഷ് തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍