അല്ലെങ്കിലും മലയാളികളെ സൂര്യ നെഞ്ചോട് ചേര്‍ക്കും, അവന്റെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു, വിഘ്‌നേഷിനെ പ്രശംസകൊണ്ട് മൂടി സൂര്യ
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തോടെ മുംബൈ ഇന്ത്യന്‍സില്‍ ഒരു പുത്തന്‍ താരോദയം കൂടി ഉണ്ടായിരിക്കുകയാണ്. മലയാളിയായ വിഘ്‌നേഷ് പുത്തൂരാണ് ചെന്നൈയ്‌ക്കെതിരായ മത്സരത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിലേക്ക് നെറ്റ് ബൗളറായി തിരെഞ്ഞെടുക്കപ്പെട്ട് സീനിയര്‍ ടീമിലേക്ക് വരെ എത്തിയ വിഘ്‌നേഷ് കേരളത്തിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായാണ് ചെന്നൈയ്‌ക്കെതിരെ വമ്പന്‍ പ്രകടനം നടത്തിയത്. മത്സരത്തില്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങിയ താരം റുതുരാജ് ഗെയ്ക്ക്വാദ്,ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇമ്പാക്ട് പ്ലെയറയാണ് വിഘ്‌നേഷ് ടീമിലെത്തിയത്. പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാര്‍ഥിയാണ് വിഘ്‌നേഷ്. ഇപ്പോഴിതാ ചെന്നൈയ്‌ക്കെതിരായ മാസ്മരികമായ പ്രകടനത്തില്‍ വിഘ്‌നേഷിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ആദ്യമത്സരത്തില്‍ മുംബൈ നായകനായ സൂര്യകുമാര്‍ യാദവ്. ഞങ്ങള്‍ 15-20 റണ്‍സ് കുറവിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. എന്നാല്‍ ഞങ്ങളുടെ താരങ്ങള്‍ പുറത്തെടുത്ത പോരാട്ടവീര്യം പ്രശംസനീയമാണ്.
മുംബൈ എല്ലായ്‌പ്പോഴും യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 മാസമായി സ്‌കൗട്ടുകളിലൂടെ താരങ്ങളെ മുംബൈ കണ്ടുപിടിക്കുന്നു. അതിന്റെ ഫലമാണ് വിഘ്‌നേഷ്. പുതിയ താരമായിട്ടും പതിനെട്ടാമത്തെ ഓവര്‍ അദ്ദേഹത്തിന് നല്‍കാന്‍ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. സൂര്യകുമാര്‍ പറഞ്ഞു. മത്സരശേഷം ചെന്നൈയുടെ ഇതിഹാസ നായകനായ എം എസ് ധോനിയും വിഘ്‌നേശിനെ തോളില്‍ തട്ടി പ്രശംസിച്ചിരുന്നു.