Who is Ashwani Kumar: കൂറ്റനടിക്കാരെ വിറപ്പിച്ച 23 കാരന്‍, മുംബൈ കണ്ടെത്തിയ പൊന്ന്; ആരാണ് അശ്വനി കുമാര്‍?

രേണുക വേണു

ചൊവ്വ, 1 ഏപ്രില്‍ 2025 (09:20 IST)
Ashwani Kumar

Who is Ashwani Kumar: മുംബൈ ഇന്ത്യന്‍സിന്റെ 'ടാലന്റ് ഫാക്ടറി'യിലേക്ക് പുതിയൊരു അംഗം കൂടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിനെ സഹായിച്ചത് 23 കാരന്‍ അശ്വനി കുമാര്‍. അജിങ്ക്യ രഹാനെ, റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രേ റസല്‍ എന്നീ കൂറ്റനടിക്കാരെ ഡ്രസിങ് റൂമിലേക്ക് മടക്കിയാണ് പഞ്ചാബുകാരനായ അശ്വനി കുമാര്‍ തന്റെ വരവറിയിച്ചത്. അതില്‍ മനീഷ് പാണ്ഡെയും റസലും ക്ലീന്‍ ബൗള്‍ഡാണെന്നതും ശ്രദ്ധേയം. 
 
ഐപിഎല്‍ അരങ്ങേറ്റത്തില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അശ്വനി കുമാര്‍ സ്വന്തമാക്കി. കളിയിലെ താരവും അശ്വനി തന്നെ. ആഭ്യന്തര ക്രിക്കറ്റിലൂടെ മുംബൈയുടെ ശ്രദ്ധയില്‍പ്പെട്ട താരമാണ് അശ്വനി കുമാര്‍. പഞ്ചാബിലെ മൊഹാലിയിലാണ് താരത്തിന്റെ ജനനം. 
 
ഈ വര്‍ഷത്തെ മെഗാ താരലേലത്തില്‍ 30 ലക്ഷത്തിനാണ് മുംബൈ അശ്വനിയെ സ്വന്തമാക്കിയത്. 2024 ല്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന അശ്വനിക്ക് ഒരു കളിയില്‍ പോലും അവസരം ലഭിച്ചില്ല. 2022 ലെ സയദ് മുഷ്താഖ് അലി ട്രോഫിയിലാണ് അശ്വനി പഞ്ചാബിനായി അരങ്ങേറ്റം കുറിച്ചത്. 8.5 ഇക്കോണമിയില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കാന്‍ താരത്തിനു സാധിച്ചു. പഞ്ചാബിനായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും മാത്രമാണ് അശ്വനി കളിച്ചിട്ടുള്ളത്. 
 
വജിന്ദര്‍ സിങ്ങിന്റെ കീഴിലാണ് അശ്വനി തന്റെ പരിശീലനം നടത്തുന്നത്. നെറ്റ്‌സില്‍ മണിക്കൂറുകളോളം പരിശീലനം നടത്താന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കളിക്കാരനാണ് അശ്വനിയെന്ന് വജിന്ദര്‍ സിങ് പറഞ്ഞു. ' വളരെ പാവപ്പെട്ട കുടുംബ സാഹചര്യമാണ് അവന്റേത്. വീടിന്റെ ചുമരുകള്‍ കൃത്യമായി പെയിന്റ് ചെയ്തിട്ടില്ല. എന്നാല്‍ അസാധ്യമായ ലക്ഷ്യബോധമാണ് അവനെ നിയന്ത്രിക്കുന്നത്. നെറ്റ്‌സില്‍ എത്രത്തോളം ബൗള്‍ ചെയ്യാന്‍ സാധിക്കുമോ അത്രത്തോളം അവന്‍ ചെയ്യും. മൂന്നോ നാലോ ഓവര്‍ എറിഞ്ഞിട്ട് നിര്‍ത്തുന്നതില്‍ അവന്‍ സംതൃപ്തനല്ല. നെറ്റ്‌സില്‍ ചിലപ്പോള്‍ 13-15 ഓവറുകള്‍ വരെ ഒരു ദിവസം എറിയും. കൂടുതല്‍ പരിശീലനത്തിന്റെ പേരില്‍ അവനെ നിയന്ത്രിക്കേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്,' വജിന്ദര്‍ സിങ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍