ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനിമുതല്‍ ഉത്തേജക മരുന്ന് പരിശോധന
വെള്ളി, 9 ഓഗസ്റ്റ് 2019 (17:00 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനിമുതല്‍ ഉത്തേജക മരുന്ന് പരിശോധന. കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ബിസിസിഐ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. കായിക മന്ത്രാലത്തിന്റെ നിര്‍ദേശം ബിസിസിഐ ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
രാജ്യത്തെ മറ്റു കായിക മത്സരങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് വിധേയരാകുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ മാത്രം അകന്നു നില്‍ക്കുക ആണെന്നും ഈ നടപടിയുമായി തുടര്‍ന്നു പോകാന്‍ കഴിയില്ലെന്നുമുള്ള കായികമന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
ഇതോടെ ബിസിസിഐയും നാഡയുടെ പരിധിയില്‍ വരും. നാഡ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കാരെ ഉത്തേജകമരുന്ന് പരിധോധനക്ക് വിധേയരാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാകും.
നാഡയുടെ പരിശോധന ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റ് താരങ്ങളെ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ ബി സി സി ഐ വിസമ്മതിച്ചിരുന്നത്.