ഫാസ്റ്റ് ബൗളറോ, പ്രീമിയം ബൗളറോ അതൊന്നും പ്രശ്നമല്ല, ആദ്യ പന്തിൽ തന്നെ അക്രമിക്കും, ഷഹീൻ അഫ്രീദിക്കിട്ട് അഭിഷേകിൻ്റെ ട്രോൾ
ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ വിജയങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് വഹിച്ച താരമായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററായ അഭിഷേക് ശര്‍മ. ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ അഭിഷേകിന്റെ വെടിക്കെട്ട് തുടക്കങ്ങളാണ് നിര്‍ണായകമായത്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ചെങ്കിലും ഫൈനല്‍ മത്സരത്തില്‍ തിളങ്ങാന്‍ അഭിഷേകിനായിരുന്നില്ല. ഏഷ്യാകപ്പ് വിജയത്തിന് ശേഷം തന്റെ കളിശൈലിയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ശര്‍മ.
എതിരാളി ആരാണെങ്കിലും പേസറോ സ്പിന്നറോ പ്രീമിയം ബൗളറോ ആരായാലും പ്ലാന്‍ ഒന്നെയുള്ളു. ആദ്യ പന്ത് മുതല്‍ തന്നെ ആക്രമണം എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. എന്നാല്‍ അഭിഷേക് പറഞ്ഞ ഈ വാചകങ്ങള്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെ ലക്ഷ്യമിട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ ഫോറില്‍ ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തില്‍ തന്നെ അഭിഷേക് സിക്‌സ് പറത്തിയിരുന്നു. ഇതിന് മുന്‍പ് താന്‍ പ്രീമിയം ബൗളറാണെന്ന പരാമര്‍ശവും ഷഹീന്‍ അഫ്രീദി നടത്തിയിട്ടുണ്ട്.
അതേസമയം ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് വലിയ തകര്‍ച്ചയാണ് ബാറ്റിങ്ങിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്നത്. ഫൈനല്‍ മത്സരത്തില്‍ 5 റണ്‍സ് മാത്രമാണ് അഭിഷേക് നേടിയത്. തുടക്കത്തില്‍ 3 വിക്കറ്റുകള്‍ വീണെങ്കിലും സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് അനായാസമായ വിജയം സമ്മാനിക്കുകയായിരുന്നു.