ഏഷ്യാകപ്പിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും പരിശീലകസംഘത്തിനുമായി 21 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. മൂന്നടി, ഒരു മറുപടിയുമില്ല. ഏഷ്യാകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി. വ്യക്തമായ സന്ദേശം നല്‍കി. ഇന്ത്യന്‍ ടീമിനും സംഘത്തിനും 21 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിക്കുന്നു എന്നായിരുന്നു ബിസിസിഐയുടെ എക്‌സ് പോസ്റ്റ്.
അതേസമയം കളിക്കാര്‍ക്കും സപ്പോര്‍ട്ട് ടീമിനും എത്ര തുക വീതമാകും ലഭിക്കുക എന്നത് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. കളിക്കാര്‍ക്ക് വമ്പന്‍ തുക പാരിതോഷികമായി നല്‍കുമെന്നും ഏഷ്യാകപ്പിലെ ഇന്ത്യയുടെ പ്രകടനം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു. ഏഷ്യാകപ്പില്‍ അപരാജിതരായാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഫൈനലിലും പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.