ഏഷ്യാകപ്പ് ട്രോഫി കൈമാറ്റ വിവാദത്തില്‍ എസിസി തലവനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്വിക്കെതിരെ നിലപാട് കടുപ്പിച്ച് ബിസിസിഐ. ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ മടങ്ങിയതിനെതിരെ ഐസിസിക്ക് പരാതി നല്‍കാനാണ് ബിസിസിഐയുടെ നീക്കം.
ഏഷ്യാകപ്പ് ജേതാക്കളായതിന് പിന്നാലെ എസിസി ചെയര്‍മാനും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം ട്രോഫിയില്ലാതെയാണ് ആഘോഷപ്രകടനങ്ങള്‍ നടത്തിയത്. നവംബറില്‍ നടക്കുന്ന ഐസിസി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. പാകിസ്ഥാനിലെ ഒരു പ്രമുഖ നേതാവില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാല്‍ പിസിപി ചെയര്‍മാന് ട്രോഫി കൈപ്പറ്റാം എന്ന് അതിന് അര്‍ഥമില്ല. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് കരുതുന്നുവെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
എസിസി ചെയര്‍മാനില്‍ നിന്നും ട്രോഫി വാങ്ങേണ്ടതില്ലെന്ന ഇന്ത്യന്‍ നിലപാടില്‍ സമ്മാനദാന ചടങ്ങ് 90 മിനിറ്റോളം വൈകിയിരുന്നു. പിന്നീട് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന് പകരം എസിസി ചെയര്‍മാന്‍ തന്നെ ട്രോഫി കൈവശം വെയ്ക്കുകയായിരുന്നു. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നത് ആദ്യസംഭവമാണെന്നാണ് ഇതില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചത്.യഥാര്‍ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്ന് പറഞ്ഞ സൂര്യകുമാര്‍ തന്റെ മാച്ച് ഫീസ് ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും വ്യക്തമാക്കി.