എന്ത് ജോലിഭാരം, ഇനി ആ പരിപാടി വേണ്ട, ഇന്ത്യൻ താരങ്ങൾക്ക് മുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (12:29 IST)
Indian Team
ചില കളിക്കാര്‍ ചില മത്സരങ്ങള്‍ മാത്രം കളിക്കാന്‍ തെരെഞ്ഞെടുക്കുന്ന പ്രവണത നിര്‍ത്തലാക്കാനൊരുങ്ങി ബിസിസിഐ. വിരാട് കോലി, രോഹിത് ശര്‍മ എന്നിങ്ങനെ മുതിര്‍ന്ന താരങ്ങളില്‍ പലരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ഡ്രസിംഗ് റൂമില്‍ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം ഒഴിവാക്കാനാണ് ബിസിസിഐയും പരിശീലകന്‍ ഗൗതം ഗംഭീറും ചേര്‍ന്ന് ശ്രമിക്കുന്നത്. ജോലിഭാരം മുന്‍നിര്‍ത്തി പല താരങ്ങളും പരമ്പരകള്‍ ഒഴിവാക്കുന്നത് അവസാനിപ്പിക്കാനാണ് ബിസിസിഐ ഇതിലൂടെ ലക്ഷ്യമിടുന്നത്.
 
 ഇതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കളിക്കാര്‍ ചില മത്സരങ്ങള്‍ മാത്രം തെരെഞ്ഞെടുക്കുന്ന പ്രവണത നിര്‍ത്തലാക്കാനാണ് ആലോചിക്കുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് ഒഴിവാക്കുമെന്നല്ല. എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. വര്‍ക്ക് ലോഡിന്റെ പേരില്‍ താരങ്ങള്‍ നിര്‍ണായകമായ മത്സരങ്ങള്‍ കളിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ബിസിസിഐ നിലപാട്.
 
 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കായി 5 ടെസ്റ്റുകളിലും കളിച്ചിരുന്നു. കഴിഞ്ഞ 6 ആഴ്ചകളായി മണിക്കൂറുകളോളം നെറ്റ്‌സിലും പരിശീലിച്ചാണ് സിറാജ് 185.3 ഓവറുകള്‍ പരമ്പരയില്‍ എറിഞ്ഞത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ട് പോലും നാലാം ടെസ്റ്റിന്റെ അവസാന ദിനവും സ്‌പെല്ലുകള്‍ എറിഞ്ഞിരുന്നു.ഇങ്ങനെയുള്ള സാഹചര്യത്തില്‍ കളിക്കാര്‍ പരമ്പരയ്ക്കിടെ ജോലിഭാരമെന്ന പേരില്‍ മത്സരങ്ങള്‍ ഒഴിവാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന വികാരമാണ് ബിസിസിഐയ്ക്കുള്ളില്‍ ഉള്ളത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍